Big stories

ഹര്‍ത്താലിനെതിരേ നിയമസഭ; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഹര്‍ത്താലിനെതിരേ നിയമസഭ; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കുമെന്നും ചോദ്യോത്തരവേളയില്‍ അദ്ദേഹം മറുപടി നല്‍കി. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തിന് ദുഷ്പേര് ഉണ്ടാക്കുന്ന തരത്തില്‍ ചില ഹര്‍ത്താലുകള്‍ നടത്തി. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയാണ് എടുത്ത് വരുന്നത്. യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തുനിന്നും ലീഗിനെ പ്രതിനിധീകരിച്ച് പി കെ ബഷീറാണ് ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടാന്‍ തയ്യാറാണോയെന്ന് ചോദിച്ചത്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പലതലങ്ങളില്‍ വരും. ജനകീയ പ്രതിഷേധത്തിന്റെ അവസാനഘട്ട സമരരൂപമാണിത്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തി സംസ്ഥാനത്ത് ദുഷ്‌പേര് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയേണ്ടതാണ്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. കേരള ഹൈക്കോടതി ഹര്‍ത്താലിനെതിരെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്തുകൊണ്ട് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയതായും ചെന്നിത്തല പറഞ്ഞു. ആദ്യം സഭയ്ക്ക് പുറത്ത് സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ഇതിനുശേഷം ഇക്കാര്യത്തില്‍ ബില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചില ശക്തികള്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അക്രമം അഴിച്ചുവിടുന്നത്. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റേയും യുഡിഎഫിന്റേയും പൊതുവികാരമാണെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയുമായി പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it