Kerala

ടിഎന്‍ടി ചിട്ടി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും- മുഖ്യമന്ത്രി

വിവിധ ജില്ലകളിലായി 33 ബ്രാഞ്ചുകളുള്ള ടിഎന്‍ടി ചിട്ടിക്കമ്പനി നിരവധി ആളുകളെ ചേര്‍ത്ത് തവണകളായി പണം കൈപ്പറ്റിയ ശേഷം കാലാവധിയെത്തിയ ചിട്ടി തുകകള്‍ യഥാസമയം നല്‍കാതെ 50 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.

ടിഎന്‍ടി ചിട്ടി തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും- മുഖ്യമന്ത്രി
X

തിരുവനന്തപുരം: തൃശൂര്‍ തേലപ്പിള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍ടി ചിട്ടിക്കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരുടെയും പേരില്‍ 537 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ എറണാകുളം മൂത്തകുന്നം സ്വദേശി അനിരുദ്ധന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണ്. ചിട്ടിഫണ്ടിന്റെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തു.

എല്ലാ ജില്ലകളിലെയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അതത് സ്റ്റേഷനുകളില്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും മുരളീ പെരുനെല്ലിയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്‍കി.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി 33 ബ്രാഞ്ചുകളുള്ള ടിഎന്‍ടി ചിട്ടിക്കമ്പനി നിരവധി ആളുകളെ ചേര്‍ത്ത് തവണകളായി പണം കൈപ്പറ്റിയ ശേഷം കാലാവധിയെത്തിയ ചിട്ടി തുകകള്‍ യഥാസമയം നല്‍കാതെ 50 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.


Next Story

RELATED STORIES

Share it