Kerala

കര്‍ഷകസമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പൊതുവില്‍ നോക്കിയാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന പരിമിതമായ കാര്‍ഷിക സംരക്ഷണനിയമങ്ങള്‍ പോലും എടുത്തുകളഞ്ഞ് കൃഷിയും കാര്‍ഷിക വിപണിയും സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണീ ബില്ലുകള്‍.

കര്‍ഷകസമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
X

തിരുവനന്തപുരം: പുതിയ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരേ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കിടയിലും ജീവന്‍ പണയംവച്ചു സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി പ്രമേയം പാസ്സാക്കി. പഞ്ചാബിലെ 32 കര്‍ഷകസംഘടനകള്‍ തുടങ്ങിവച്ച സമരത്തിന് ഇപ്പോള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള 500ല്‍ പരം സംഘടനകളുടെ പിന്തുണയുണ്ട്.

പൊതുവില്‍ നോക്കിയാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന പരിമിതമായ കാര്‍ഷിക സംരക്ഷണനിയമങ്ങള്‍ പോലും എടുത്തുകളഞ്ഞ് കൃഷിയും കാര്‍ഷിക വിപണിയും സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണീ ബില്ലുകള്‍. 'ഒരു രാജ്യം ഒരു വിപണി' എന്ന അമിത കേന്ദ്രീകരണതന്ത്രം കൂടി ഇതിന്റെ പിറകിലുണ്ട്. ഭക്ഷ്യസുരക്ഷ എന്ന അടിസ്ഥാന ആവശ്യം നിരാകരിക്കപ്പെടുകയും കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും ഭാവിയില്‍ ഒരു തടസ്സവുമില്ലാതാവുകയും ചെയ്യുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷികോല്‍പ്പന്ന വ്യാപാരവും വാണിജ്യവും സംബന്ധിച്ച പുതിയ നിയമത്തില്‍ പറയുന്ന പോലെ ഇന്ത്യയില്‍ എവിടെയാണോ നല്ല വില കിട്ടുക അവിടെ കര്‍ഷകന് അവന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാം എന്നത് കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും കര്‍ഷകര്‍ വിശ്വസിക്കുന്നില്ല. പുതിയ നിയമത്തില്‍ കുറഞ്ഞ താങ്ങുവിലയുടെ കാര്യമേ പറഞ്ഞിട്ടില്ല എന്നതാണു കര്‍ഷകരെ കൂടുതല്‍ നിരാശരാക്കുന്നത്. 'തുറന്ന വിപണിയില്‍' കര്‍ഷകരുടെ സംഘടിത വിലപേശല്‍ശക്തി കുറയുകയും കുത്തകകള്‍ പ്രാദേശികമായിത്തന്നെ രൂപപ്പെടുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലമാവുകയും താങ്ങുവില അടക്കമുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്യും.

സ്വകാര്യചന്തകള്‍, ഓണ്‍ലൈന്‍ കാര്‍ഷിക വ്യാപാരം ഒക്കെ ഇന്ത്യയിലെവിടേയും ആര്‍ക്കും നടത്താന്‍ അവസരം ഒരുങ്ങുന്നതോടെ ഇത്തരം ഉല്പന്നസംഭരണങ്ങള്‍ കുത്തകകളുടെ നിയന്ത്രണത്തിലാവും. കരാര്‍ കൃഷി വ്യാപകമാക്കുന്ന നിയമം വഴി കരാര്‍ കൃഷിക്ക് ഇന്ന് നിലവിലുള്ള നിബന്ധനകള്‍ എല്ലാം എടുത്തുകളയുകയാണ്. ഉല്പാദനം മാത്രമല്ല സേവനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണ്.

കര്‍ഷകന്‍ ഭൂമി മാത്രമല്ല അവന്റെ തൊഴില്‍ ശക്തി അടക്കമുള്ള സേവനങ്ങളും കരാര്‍ കമ്പനികള്‍ക്ക് / കുത്തകകള്‍ക്ക് വിട്ടു നല്‍കി പിന്നീട് കമ്പനിയില്‍നിന്നും പ്രതിഫലം പറ്റുന്ന ജീവനക്കാരന്‍ / അടിമ മാത്രം ആകുന്ന സാഹചര്യമാണ് ഇതു സൃഷ്ടിക്കുക. യഥാര്‍ഥത്തില്‍ കരാര്‍ കൃഷിയല്ല കുത്തക കൃഷി പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ നിയമം. ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും ഇന്നുള്ള അളവുപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ തറവില സമ്പ്രദായം നിലയ്ക്കും. ഭക്ഷ്യ സുരക്ഷ എന്നത് ഒരു മരീചികയാവുമെന്നും പരിഷത്ത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it