Kerala

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

അടുത്തകാലത്തായി കരള്‍സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ജിതേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കും.

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
X

ചങ്ങരംകുളം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ത്തെയാണ് വീട്ടില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. അടുത്തകാലത്തായി കരള്‍സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ജിതേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കും.

കൈതോല പായവിരിച്ച് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്തകാലത്താണ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. പൊന്നാനി കോഴിപറമ്പില്‍ തറവാട്ടില്‍ നെടുംപറമ്പില്‍ താമിയുടെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ചു. കക്കിടിപ്പുറം എല്‍പി സ്‌കൂളിലും, കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യംകെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച കലാകാരനാണ്. കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ. (നാടകം- ദിവ്യബലി) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 ഓളം പാട്ടുകളെഴുതിയിട്ടുണ്ട്.

'കഥ പറയുന്ന താളിയോലകള്‍' എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിര്‍വഹിച്ച് തൃശൂര്‍ ജനനി കമ്മ്യൂണിക്കേഷന്‍ ഒട്ടനവധി വേദികളില്‍ അവതരിപ്പിച്ചു. കേരളോല്‍സവ മല്‍സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രാസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു. നെടുമുടി വേണുവും, സുധീര്‍ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച ആദി സംവിധാനം ചെയ്ത .... 'പന്ത്' എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതി പാടി അഭിനയിക്കാനുള്ള ഭാഗ്യവുമുണ്ടായി.

Next Story

RELATED STORIES

Share it