അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം

മുന്‍ കശുവണ്ടി കോര്‍പറേഷന്‍ എംഡി കെ എ രതീഷിനെയാണ് കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്.

അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം

തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാവുന്നു. മുന്‍ കശുവണ്ടി കോര്‍പറേഷന്‍ എംഡി കെ എ രതീഷിനെയാണ് കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നിലവിലെ എംഡിയായ ആര്‍ സുകേശന്‍ ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് കെ എ രതീഷിനെ നിയമിക്കാന്‍ നീക്കം തുടങ്ങിയത്. ജൂണ്‍ 18ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കി. 14 പേര്‍ അപേക്ഷ നല്‍കിയതില്‍ അഞ്ചുപേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തിരുന്നു. അതിലൊരാള്‍ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ കമ്മിറ്റി നടത്തിയ അഭിമുഖത്തില്‍ രതീഷ് ഒന്നാമനായി. മറ്റുള്ള നാലുപേരില്‍ എസ് രത്‌നാകരന്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡിയും കെ തുളസീധരന്‍നായര്‍ ജനറല്‍ മാനേജരും കെ വേണുഗോപാല്‍ സപ്ലൈകോയുടെ മുന്‍ ജനറല്‍ മാനേജരുമാണ്. പരിചയസമ്പന്നരായ ഇവരെ ഒഴിവാക്കിയാണ് കെ എ രതീഷിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്. നിയമനത്തിനായി സര്‍ക്കാര്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ ഹരജി നിലവിലുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം തുടരുകയുമാണ്. അങ്ങനെയുള്ള ഒരാള്‍ കണ്‍സ്യൂമര്‍ഫെഡിന്റ എംഡി തസ്തികയിലേക്കുള്ള ഇന്ററര്‍വ്യൂവില്‍ പങ്കെടുത്തതിന് പിന്നില്‍ രാഷ്ട്രീയസ്വാധീനമാണെന്നാണ് ആരോപണം. വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭകവികസന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷിപ്പോള്‍.

RELATED STORIES

Share it
Top