Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പി ടി തോമസിന്റെ നിലപാടുകള്‍ മുറുകെ പിടിച്ച് മുന്നോട്ടു പോകും: യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറയുന്നു.പി ടി തോമസ് തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താന്‍ ഈ ഉദ്യമം ഏറ്റൈടുത്തിരിക്കുന്നത്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പി ടി തോമസിന്റെ നിലപാടുകള്‍ മുറുകെ പിടിച്ച് മുന്നോട്ടു പോകും: യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്
X

കൊച്ചി: പി ടി തോമസിന്റെ നിലപാടുകള്‍മുറുകെ പിടിച്ചുകൊണ്ട് താന്‍ മുന്നോട്ടു പോകുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. ഉമാ തോമസിനെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറയുന്നു.പി ടി തോമസ് തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താന്‍ ഈ ഉദ്യമം ഏറ്റൈടുത്തിരിക്കുന്നത്.പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പി ടി തോമസ് എന്നും കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസിയും അനുസരണയുള്ള നേതാവുമായിരുന്നു.താനും അതേ മാതൃക തന്നെയാണ് പിന്തുടരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്തു പറഞ്ഞാലും അത് അനുസരിക്കാന്‍ താനും തന്റെ കുടുംബവും ബാധ്യസ്ഥരാണ്്. ഇതിന്റെ ഭാഗമായിട്ടാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നതെന്നും ഉമാ തോമസ് പറഞ്ഞു.

പി ടി തോമസിന്റെ വേര്‍പാടിനു ശേഷം തനിക്കും മക്കള്‍ക്കും മുന്നോട്ടു പോകാന്‍ കരുത്ത് പകര്‍ന്നത് തന്റെയും പി ടി തോമസിന്റെയും ബന്ധുക്കളും കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്.ആ നന്ദി തനിക്കും തന്റെ കുട്ടികള്‍ക്കും എക്കാലവുമുണ്ടായിരിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയവും പി ടി തുടങ്ങിവെച്ച വികസനവും ഉയര്‍ത്തിയായിരിക്കും പ്രചരണം നടത്തുന്നത്.സില്‍വര്‍ ലൈനെതിരെ തൃക്കാക്കര വിധിയെഴുതുമെന്നാണ് തന്റെ വിശ്വാസം.

പി ടി തോമസിനെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍ ആ പിന്തുണ തനിക്കും ഉണ്ടാകുമെന്നാണ് വിശ്വാസം.കെ വി തോമസ് പി ടി തോമസും താനുമായുമൊക്കെ വളരെയടുത്ത ആത്മബന്ധമുള്ള വ്യക്തിയാണ്.തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കെ വി തോമസിന് തോന്നില്ല.കെ വി തോമസിനെ താന്‍ നേരില്‍ കണ്ട് അനുഗ്രവും പിന്തുണയും തേടുമെന്നും ചോദ്യത്തിന് മറുപടിയായി ഉമാ തോമസ് പറഞ്ഞു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയെ താന്‍ ഫോണില്‍ വിളിച്ച് അനുഗ്രഹം തേടിയെന്നും ഉമാ തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ വിജയം നേടി നൂറു സീറ്റ് തികയ്ക്കുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 99 സീറ്റില്‍ തന്നെ എല്‍ഡിഎഫ് നില്‍ക്കുമെന്നായിരുന്നു ഉമാ തോമസിന്റെ മറുപടി

Next Story

RELATED STORIES

Share it