Kerala

വിമാനത്തിലെത്തി മോഷണം നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പോലിസ് പിടിയില്‍

ഉത്തര്‍പ്രദേശ് സാമ്പാല്‍ സ്വദേശി ചദ്രബന്‍(38),ഡല്‍ഹി സ്വദേശികളായ ജെ ജെ കോളനിയില്‍ മിന്റു വിശ്വാസ്(47),ഹിജായംപ്പൂര്‍ ജീപ്പൂര്‍ വില്ലേജില്‍ ഹരിചന്ദ്ര(33)എന്നിവരാണ് കൊച്ചി സിറ്റി പോലിസിന്റെ പിടിയിലായത്

വിമാനത്തിലെത്തി മോഷണം നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പോലിസ് പിടിയില്‍
X

കൊച്ചി:വിമാനത്തിലെത്തി മോഷണം നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പോലിസ് പിടിയില്‍.ഉത്തര്‍പ്രദേശ് സാമ്പാല്‍ സ്വദേശി ചദ്രബന്‍(38),ഡല്‍ഹി സ്വദേശികളായ ജെ ജെ കോളനിയില്‍ മിന്റു വിശ്വാസ്(47),ഹിജായംപ്പൂര്‍ ജീപ്പൂര്‍ വില്ലേജില്‍ ഹരിചന്ദ്ര(33)എന്നിവരാണ് കൊച്ചി സിറ്റി പോലിസിന്റെ പിടിയിലായത്.കഴിഞ്ഞ 21 നാണ് സംഘം നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ കിട്ടാവുന്നത്ര പണവും സ്വര്‍ണ്ണവും കവര്‍ന്ന് മടങ്ങുകയെന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം.പൂട്ടിക്കിടക്കുന്ന ആഡംബര വീടുകളായിരുന്നു ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്.

വന്നിറങ്ങിയ ദിവസം തന്നെ കടവന്തര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറിയ സംഘം എട്ടുലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.അടുത്ത ദിവസം എളമക്കര കീര്‍ത്തി നഗറിലെ വീട്ടില്‍ക്കയറി മൂന്നു പവന്‍ സ്വര്‍ണ്ണഭരണങ്ങളും 8500 രൂപയം കവര്‍ന്നു.സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും നടത്തിയ അന്വേഷണത്തില്‍ രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശാനുസരണം കടവന്ത്ര,എളമക്കര,നോര്‍ത്ത്,സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

സിസിടിവിയില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തി.തുടര്‍ന്ന് ഇവരുടെ ഐഡി പ്രൂഫ്,ഫോണ്‍നമ്പറുകള്‍ എന്നിവര പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ അടിക്കടി താമസം മാറുന്ന സ്വഭാവമുള്ളവരാണെന്ന് കണ്ടെത്തി.ഇതിനിടയില്‍ സംഘം എളമക്കര മണിമല ക്രോസ് റോഡിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ ഒരു വീട്ടില്‍ നിന്നും 35,000 രൂപയും ഇവര്‍ കവര്‍ന്നിരുന്നു.തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് നിന്നും പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it