Kerala

ജാമ്യം നേടിയ ശേഷം വീണ്ടും കുറ്റകൃത്യം;ഏഴു പേരുടെ ജാമ്യം റദ്ദാക്കി; 64 പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി എറണാകുളം റൂറല്‍ പോലിസ്

മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ച് ലംഘകര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

ജാമ്യം നേടിയ ശേഷം വീണ്ടും കുറ്റകൃത്യം;ഏഴു പേരുടെ ജാമ്യം റദ്ദാക്കി; 64 പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി എറണാകുളം റൂറല്‍ പോലിസ്
X

കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഏഴു പേരുടെ ജാമ്യം റദ്ദാക്കിയെന്നും 64 പേരുടെ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും എറണാകുളം റൂറല്‍ പോലിസ്.മുനമ്പം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി ആന്റണി പീറ്റര്‍ (54), നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ മാറമ്പിള്ളി സ്വദേശി അന്‍സാര്‍ (31), നെടുമ്പാശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹന മോഷണ കേസില്‍ പ്രതിയായ വടക്കേക്കര സ്വദേശി ആരോമല്‍ (21), കോതമംഗലം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അന്‍സില്‍ (28),

കുറുപ്പംപടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ, സ്‌ഫോടക വസ്തു നിയമ പ്രകാരമുള്ള കേസിലെ പ്രതിയായ കൊമ്പനാട് കാരിയേലി സ്വദേശി ലാലു (27), ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ പ്രതികളായ കളമശ്ശേരി സ്വദേശി ഷെഫിന്‍ (24), പറവൂര്‍ സ്വദേശി രാഹുല്‍ (കണ്ണന്‍ 24) എന്നിവരുടെ ജാമ്യമാണ് മറ്റ് കേസുകളില്‍ പ്രേതികളായതിനെ തുടര്‍ന്ന് കോടതികള്‍ റദ്ദ് ചെയ്തത്.

ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം സബ് ഡിവിഷണല്‍ ഡിവൈഎസ്പി മാരും, എസ്എച്ച്ഒ മാരും, അതാത് കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥന്‍മാരും ബന്ധപ്പെട്ട വിചാരണ കോടതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, പൊതുജനസമാധാന ലംഘനം നടത്തുകയും, നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ച് ലംഘകര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it