Kerala

അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി പിടിയില്‍

അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥി തിരുവനന്തപുരം വര്‍ക്കല സ്വദേശി ജഗത് റാം ജോയി (22 ) എന്നയാളെയാണ് ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍ നോട്ടത്തിലുള്ള എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ പാരഡൈസ് 650 എന്ന അത്യന്തം വിനാശകാരിയ എല്‍എസ്ഡി സ്റ്റാമ്പ് ആണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു

അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി പിടിയില്‍
X

കൊച്ചി :അതിമാരക ന്യൂജന്‍ മയക്ക് മരുന്നായ 'പാരഡൈസ് 650'എന്നറിയപ്പെടുന്ന ഉന്മാദ രാസ ലഹരി മരുന്നുമായി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി പിടിയില്‍.അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥി തിരുവനന്തപുരം വര്‍ക്കല സ്വദേശി ജഗത് റാം ജോയി (22 ) എന്നയാളെയാണ് ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍ നോട്ടത്തിലുള്ള എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കോളജ് കാംപസ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് നടത്തിയ രഹസ്യ നീക്കത്തില്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ പാരഡൈസ് 650 എന്ന അത്യന്തം വിനാശകാരിയ എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.കോളജ് ക്യാംപസുകളിലെ ഡ്രഗ് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടു കൂടി രൂപപ്പെടുത്തിയിട്ടുള്ള ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഒരു സ്റ്റാമ്പില്‍ 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ്് അടങ്ങിയിട്ടുള്ള 20 എണ്ണം ത്രീ ഡോട്ടട് എല്‍ എസ് ഡി സ്റ്റാമ്പാണ് ഇയാളില്‍ നിന്ന് പിടി കൂടിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇത്തരത്തിലുള്ള ഒരു എല്‍എസ്ഡി സ്റ്റാമ്പിന് വിപണിയില്‍ 4000 മുതല്‍ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം പറഞ്ഞു.ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്.

കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയില്‍ നിന്ന് കൊറിയര്‍ മുഖേന 75 സ്റ്റാമ്പ് വരുത്തിയതാണെന്നും ഇത് സുഹൃത്തുക്കള്‍ക്ക് നല്‍കി വരുകയായിരുന്നെന്നും, കുറച്ച് ഇയാള്‍ തന്നെ ഉപയോഗിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. നിശാപാര്‍ട്ടികള്‍ക്ക് ഉന്‍മാദലഹരി പകരുവാനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് പാരഡൈസ് 650.അളവ് അല്‍പം കൂടിയാല്‍ ഉപയോക്താവ് മരണപ്പെടാന്‍ തന്നെ സാധ്യതയുള്ള അത്ര മാരകമായ ഒന്നാണിത്. 0.1 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്.100 കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെയുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യമാണിത്.

പിടിക്കപ്പെട്ടതിന് ശേഷവും നിരവധി യുവതി യുവാക്കളാണ് മയക്ക് മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇയാളുടെ ഫോണിലേയ്ക്ക് വിളിച്ച് കൊണ്ടിരുന്നത്. ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി യുവാക്കളെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദക്ഷിണ മേഖല കമ്മീഷണര്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കെ എന്‍. സുരേഷ് കുമാര്‍, എം അസീസ്, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it