Kerala

ദമ്പതികള്‍ക്ക് നേരെ ആക്രമണം, ഫോറസ്റ്റ് വാച്ചറുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണി: മൂന്നു പേര്‍ പിടിയില്‍

ചേര്‍ത്തല ചെട്ടിശ്ശേരിച്ചിറ വീട്ടില്‍ സുരാജ് (25), വയലാര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ (27), ചേര്‍ത്തല വെട്ടക്കല്‍ കമ്പയകത്ത് വീട്ടില്‍ ശരത് (28) എന്നിവരെയാണ് ഊന്നുകല്‍ പോലിസ് പിടികൂടിയത്

ദമ്പതികള്‍ക്ക് നേരെ ആക്രമണം, ഫോറസ്റ്റ് വാച്ചറുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണി: മൂന്നു പേര്‍ പിടിയില്‍
X

കൊച്ചി: ഊന്നുകല്‍ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.ചേര്‍ത്തല ചെട്ടിശ്ശേരിച്ചിറ വീട്ടില്‍ സുരാജ് (25), വയലാര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ (27), ചേര്‍ത്തല വെട്ടക്കല്‍ കമ്പയകത്ത് വീട്ടില്‍ ശരത് (28) എന്നിവരെയാണ് ഊന്നുകല്‍ പോലിസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി 9 മണിയോടെയാണ് സംഭവം.

പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയില്‍ മാര്‍ഗ്ഗ തടസം ഉണ്ടാക്കി നില്‍ക്കുകയായിരുന്ന സംഘം കാറില്‍ പോവുകയായിരുന്ന ദമ്പതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഭര്‍ത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണി പെടുത്തി മര്‍ദ്ദിച്ചു. തുടര്‍ന്ന് അമിത വേഗതയില്‍ തിരിച്ചു പോയി. പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി പെടുത്തി ചെക്ക്‌പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സുരാജ് ആറ് കേസുകളിലും നിധിന്‍ രണ്ട് കേസുകളിലും പ്രതികളാണെന്ന് പോലിസ് പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ കെ ജി ഋഷികേശന്‍ നായര്‍ , എസ്‌ഐമാരായ കെ ആര്‍ ശരത് ചന്ദ്രകുമാര്‍, ഷാജു ഫിലിപ്പ് എഎസ്‌ഐമാരായ എം എം ബഷീര്‍, ഇബ്രാഹിം, മനാഫ് എസ്‌സിപിഒ മാരായ കെ എസ് ഷനില്‍, രജേഷ്, നിയാസുദീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it