Kerala

ആലുവയില്‍ നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: സി ഐ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ സര്‍വ്വീസില്‍ കയറ്റാനുള്ള തിരൂമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചു.സി ഐ യായിരുന്ന സുധീര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് മൊഫിയ പര്‍വീണ്‍ തന്റെ മരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ

ആലുവയില്‍ നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം:   സി ഐ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെതിരെ പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ
X

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റു ചെയ്യപ്പെട്ട ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ സര്‍വ്വീസില്‍ കയറ്റാനുള്ള തിരൂമാനം പിന്‍വലിക്കണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു.സി ഐ യായിരുന്ന സുധീര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് മൊഫിയ പര്‍വീണ്‍ തന്റെ മരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കുറ്റപത്രത്തില്‍ സുധീറിനെ പ്രതിചേര്‍ക്കാന്‍ പോലിസ് തയ്യാറായില്ലെന്നു മാത്രമല്ല. ഇപ്പോള്‍ നിരുപാധികം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ്.ഇതില്‍ തനിക്കുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദു ചെയ്ത് സി ഐക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പുനരന്വേഷം നടത്തി സി ഐ സുധീറിനെ പ്രതിചേര്‍ത്ത് പുതുക്കിയ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മൊഫിയ പര്‍വീണ്‍ സി ഐ സുധീര്‍,ഭര്‍ത്താവ് സുഹൈല്‍,സുഹൈലിന്റെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ആത്മഹത്യ കുറിപ്പില്‍ ഉന്നയിച്ചിരുന്നത്.ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍(27),സുഹൈലിന്റെ മാതാവ് റുഖിയ(55),പിതാവ് യൂസഫ്(63)എന്നിവരെ പോലിസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു.ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് അടക്കം വിവിധ രാഷ്ട്രീയ സംഘടനകളുടെയും മൊഫിയയുടെ സഹപാഠികളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സുധീറിനെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെന്റു ചെയ്യുകയും ചെയ്തത്.

Next Story

RELATED STORIES

Share it