Kerala

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരരംഗത്ത്; മന്ത്രിതലസംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി 483 കോടി രൂപയുടെ പ്രൊപ്പോസല്‍ 2012ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനസഹായമൊന്നും ലഭ്യമായിട്ടില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരരംഗത്ത്; മന്ത്രിതലസംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ ഇടപെട്ട് നടത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണകൂടങ്ങളുടെ അവഗണയ്‌ക്കെതിരേ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സേവനത്തെ ഹൈക്കോടതി പ്രശംസിച്ചിട്ടുണ്ട്.

കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി 483 കോടി രൂപയുടെ പ്രൊപ്പോസല്‍ 2012ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനസഹായമൊന്നും ലഭ്യമായിട്ടില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്കുവേണ്ടി പരമാവധി സഹായമാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അത് എല്ലാവരിലും എത്തിക്കുന്ന കാര്യങ്ങളിലുള്ള കുറവുകള്‍ പരിഹരിച്ച് സമാശ്വാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. സമരരംഗത്തുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഇന്നുതന്നെ റവന്യൂ-ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്ന് പ്രശ്നങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുനരധിവാസ ഗ്രാമം തന്നെ നിര്‍മ്മിക്കുന്നതിന് 68 കോടി രൂപ ചിലവഴിച്ചുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ വില്ലേജിലാണ് ഇത് സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ഗ്രൂപ്പിനെ ചുതമലപ്പെടുത്തി. സാമൂഹ്യസേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങള്‍,ആശുപത്രികള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്.197 പദ്ധതികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നതിന്റെ ഭാഗമാണ് ഈ ബജറ്റില്‍ 20 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട് എന്നത്. ഈ തുകയും ഇവരുടെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും എന്നതാണ് യാഥാര്‍ത്ഥ്യം.

ദുരിതബാധിതരുടെ കടം എഴുതിതള്ളുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതി ബാങ്ക് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള 50,000 രൂപ വരെയുള്ള ലോണുകള്‍ എഴുതിത്തള്ളുന്നതിന് 2.17 കോടി രൂപ അനുവദിച്ചു. ഇതിനുപുറമെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന്4.63 കോടി രൂപ അനുവദിക്കുകയും ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇതിനകം നല്‍കുകയും ചെയ്തിട്ടുണ്ട്. 2018 ഒക്ടോബര്‍ 25 മുതല്‍ 6 മാസക്കാലത്തേക്ക് ദുരിതബാധിതരുടെ എല്ലാ കടബാധ്യതകള്‍ക്കുമുള്ള മൊറട്ടോറിയം 6 മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it