നിങ്ങള്‍ക്ക് അടിയന്തരസഹായം ആവശ്യമാണോ; എങ്കില്‍ 112ല്‍ വിളിക്കൂ....

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയുംപെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങള്‍ക്ക് അടിയന്തരസഹായം ആവശ്യമാണോ; എങ്കില്‍ 112ല്‍ വിളിക്കൂ....

തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കാന്‍ ഇനി പുതിയ ടോള്‍ഫ്രീ നമ്പര്‍. 112ല്‍ വിളിച്ചാല്‍ പോലിസ്, ആംബുലന്‍സ്, അഗ്‌നിശമനസേന അടക്കം സഹായത്തിനെത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയുംപെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്.

അടിയന്തരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വന്നത്. വിവിധതരം സഹായ അഭ്യര്‍ഥനകള്‍ക്ക് വ്യത്യസ്ത ടെലിഫോണ്‍ നമ്പരുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാവും. ഫയര്‍ ഫോഴ്‌സിന്റെ സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

പോലിസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലിസുദ്യോഗസ്ഥരാണ്. സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്ററിന് മനസ്സിലാക്കാനാവും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടന്‍തന്നെ പോലിസ് സഹായം ലഭ്യമാക്കാനും കഴിയും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലിസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

സിഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. 6.18 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പുതിയ ടോള്‍ ഫ്രീ നമ്പരിന്റെ ഉ്ദഘാടനം തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലിസ് കാഴ്ചവച്ചത് മഹത്തായ രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് ഏകീകൃതസ്വഭാവം കൈവരികയാണ്. ഇത് കേരളാ പോലിസിന്റെ ജനമൈത്രിയുടെ മുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്കകാലത്ത് കേരളാ പോലിസ് നടത്തിയ രക്ഷാദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം ഏതാനും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

RELATED STORIES

Share it
Top