Top

മടങ്ങാന്‍ തയ്യാറായി എണ്ണായിരത്തോളം അതിഥി തൊഴിലാളികള്‍; ഔദ്യോഗിക അറിയിപ്പില്ലാതെ പുറത്തിറങ്ങരുതെന്ന് കോട്ടയം കലക്ടര്‍

ട്രെയിനുകള്‍ ലഭ്യമാവുന്ന മുറയ്ക്ക് ഇവരെ സ്റ്റേഷനുകളിലെത്തിക്കുന്നതിനും ഭക്ഷണവും വെള്ളവും മറ്റും നല്‍കുന്നതിനും യാത്രയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരിക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തും.

മടങ്ങാന്‍ തയ്യാറായി എണ്ണായിരത്തോളം അതിഥി തൊഴിലാളികള്‍; ഔദ്യോഗിക അറിയിപ്പില്ലാതെ പുറത്തിറങ്ങരുതെന്ന് കോട്ടയം കലക്ടര്‍
X

കോട്ടയം: സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി യാത്രാസൗകര്യമൊരുക്കുന്നതിനുള്ള വിവരശേഖരണം കോട്ടയം ജില്ലയില്‍ നാളെയും തുടരും. താമസസ്ഥലങ്ങളില്‍ നേരിട്ടെത്തി നടത്തുന്ന വിവരശേഖരണത്തിന്റെ ആദ്യദിനമായ ഇന്ന് എണ്ണായിരത്തോളംപേര്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചു. ബംഗാള്‍, അസം, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ഇതുവരെ മടങ്ങാന്‍ തയ്യാറായവരുടെ വിവരം സര്‍ക്കാരിന് റിപോര്‍ട്ട് ചെയ്തതായും യാത്രയ്ക്കായി ട്രെയിനുകള്‍ ക്രമീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു പറഞ്ഞു.

റവന്യൂ, തൊഴില്‍, പഞ്ചായത്ത്, പോലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ഭരണകൂടം നേരത്തെ സമാഹരിച്ചിട്ടുള്ള തൊഴിലാളികളുടെ വിശദാംശങ്ങളുമായി ക്യാംപുകളില്‍ ചെന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക തയ്യാറാക്കി തല്‍സമയം ഓണ്‍ലൈനില്‍ കലക്ടറേറ്റില്‍ ലഭ്യമാക്കും വിധമാണ് ക്രമീകരണം. അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രനാണ് ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല. താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒറ്റദിവസം കൊണ്ട് വിവരശേഖരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കാതിരുന്നത് താമസത്തിനിടയാക്കി.

ഇതേസമയംതന്നെ നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതും ശരീരോഷ്മാവുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. മടക്കയാത്രയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റും അനിവാര്യമാണ്. പ്രാദേശികതലത്തില്‍ അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നേതൃത്വത്തിലാണ് വൈദ്യപരിശോധന നടത്തുന്നത്. നാട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മടക്കയാത്രയ്ക്ക് അവസരമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ അതത് മേഖലകളിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുമെന്നും അതുവരെ തൊഴിലാളികള്‍ താമസസ്ഥലത്തുതന്നെ തുടരണമെന്നും കലക്ടര്‍ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ പുറത്തിറങ്ങരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ട്രെയിനുകള്‍ ലഭ്യമാവുന്ന മുറയ്ക്ക് ഇവരെ സ്റ്റേഷനുകളിലെത്തിക്കുന്നതിനും ഭക്ഷണവും വെള്ളവും മറ്റും നല്‍കുന്നതിനും യാത്രയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരിക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തും. മടക്കയാത്രയ്ക്ക് സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചില സംസ്ഥാനങ്ങളിലേക്ക് വളരെ കുറച്ചുപേര്‍ മാത്രമാണ് ജില്ലയില്‍നിന്ന് പോവാനുള്ളത്. ഇവരെ അയല്‍ ജില്ലകളില്‍നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം ഒരു ട്രെയിനില്‍ അയയ്ക്കും.

കോട്ടയം ജില്ലയില്‍ ഏകദേശം 27,000 അതിഥി തൊഴിലാളികളാണുള്ളത്. ഇതില്‍ 18,000 ഓളം പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരാണ്. പായിപ്പാട്, പനച്ചിക്കാട്, മുളക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലാണ് അതിഥി തൊഴിലാളികള്‍ കൂടുതലുള്ളത്. വിവരശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍, പാലാ ആര്‍ഡിഒ ജി പ്രദീപ്കുമാര്‍, കോട്ടയം ആര്‍ഡിഒ ജോളി ജോസഫ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it