Kerala

എടവണ്ണ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

മലപ്പുറം ജില്ലയിലെ എടവണ്ണ ഗ്രാമപ്പഞ്ചായത്തിലുണ്ടായ മഴക്കാലക്കെടുതി ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുന്നതില്‍ ഗുരുതരമായി വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

എടവണ്ണ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു
X

എടവണ്ണ: വിവരാവകാശപ്രവര്‍ത്തകനെ ശല്യക്കാരനായി പ്രഖ്യാപിക്കണമെന്ന വിചിത്രപ്രമേയം പാസാക്കിയ എടവണ്ണയിലെ പഞ്ചായത്ത് സെക്രട്ടറിയും തിരുവനന്തപുരം കരമന സ്വദേശിയുമായ ഫാസില്‍ ഷായെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്റ് ചെയ്തു. മലപ്പുറം ജില്ലയിലെ എടവണ്ണ ഗ്രാമപ്പഞ്ചായത്തിലുണ്ടായ മഴക്കാലക്കെടുതി ദുരന്തനിവാരണത്തിന് നേതൃത്വം നല്‍കുന്നതില്‍ ഗുരുതരമായി വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ദുരന്തമുണ്ടായപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിക്ക് ചുമതല പോലും കൈമാറാതെ പഞ്ചായത്ത് സെക്രട്ടറി സ്റ്റേഷന്‍ വിട്ടുപോയതായി മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റിപോര്‍ട്ട് ചെയ്തിരുന്നതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കേണ്ട സെക്രട്ടറി തന്റെ ചുമതലകള്‍ പാടെ വിസ്മരിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുകയാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 166ാം വകുപ്പിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വിലയിരുത്തിയാണ് ഫാസില്‍ ഷായെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിയമാനുസൃതമായ ഉപജീവനത്തിന് ഇദ്ദേഹത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സെക്രട്ടറിയുടെ പേരിലുള്ള മറ്റ് ക്രമവിരുദ്ധനടപടികളും ഉത്തരവില്‍ അക്കമിട്ടുനിരത്തുന്നുണ്ട്.

എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട് വാര്‍ഡില്‍ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്ന സ്‌റ്റോണ്‍ ക്രഷന്‍ യൂനിറ്റില്‍ ലാന്റ് ഡവലപ്പ്‌മെന്റ് പ്രവൃത്തികളും പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് നമ്പര്‍ അനുവദിച്ചു. കൂടാതെ എടവണ്ണ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ കെപിബിആര്‍ ചട്ടലംഘനം നടത്തി നിര്‍മിച്ച വാണിജ്യകെട്ടിടത്തിലെ അഞ്ച് മുറികള്‍ക്ക് നമ്പര്‍ അനുവദിച്ചുവെന്ന ക്രമക്കേടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എടവണ്ണ പഞ്ചായത്തില്‍ നടക്കുന്ന വിവിധ അഴിമതികളെക്കുറിച്ച് മനസ്സിലാക്കാനായി വിവരാവകാശം ചോദിക്കുന്ന എടവണ്ണ തെക്കേ തൊടിക റിയാസിനെയും ചാത്തല്ലൂര്‍ സ്വദേശി ഹംസയെയും ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതാണ് നേരത്തെ വിവാദത്തിലായത്. ഭരണകക്ഷികളായ കോണ്‍ഗ്രസും ലീഗും പ്രതിപക്ഷമായ സിപിഎം അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. ഒരുമാസത്തിനകം എടവണ്ണ പഞ്ചായത്തില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ജീവനക്കാരനാണ് ഫാസില്‍ ഷാ. ഈയിടെയാണ് നാട്ടുകാരനില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിഇഒ എടക്കര സ്വദേശി കൃഷ്ണദാസ് പാലപ്പെറ്റയെ (44) വിജിലന്‍സ് കൈയോടെ പിടികൂടിയത്.

Next Story

RELATED STORIES

Share it