Kerala

വി ടി ബൽറാം എം എൽ എക്കെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആർ മീരയെ പരസ്യമായി തെറിവിളിയ്ക്കാൻ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്.

വി ടി ബൽറാം എം എൽ എക്കെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും
X

തിരുവനന്തപുരം: വി ടി ബൽറാം എം എൽ എക്കെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഏതോ മാനസിക വൈകല്യം ബൽറാമിനെ ബാധിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആർ മീരയെ പരസ്യമായി തെറിവിളിയ്ക്കാൻ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്. സ്ത്രീകൾക്കും എഴുത്തുകാർക്കുമെതിരായ അസഹിഷ്ണുത കേരളത്തിന്‌ അപമാനമാണ്. കാസർകോട‌് കൊലപാതകത്തിൽ ഉൾപ്പെടെ സിപിഎമ്മിനെ വിവിധ സന്ദർഭങ്ങളിൽ വിമർശിച്ചിട്ടുണ്ട് കെ ആർ മീര. ഏതൊരാളെയും, രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും ഏതൊരാൾക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരിൽ വച്ചു പാർട്ടിയെ വിമർശിച്ചു കെ ആർ മീര സംസാരിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും, ബൽറാം തെറിവിളിയ്ക്ക് ആഹ്വാനം ചെയ്ത പോസ്റ്റിലും സിപിഎമ്മിനെ മീര വിമർശിക്കുന്നുണ്ട്. പക്ഷെ ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം തന്നെയാണോ എന്ന് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം. കോൺഗ്രസ്സ് നേതാക്കളെപ്പോലും സൈബർ ഗുണ്ടകളെ ഉപയോഗിച്ച് തെറിയഭിഷേകം നടത്തുന്ന ശീലം പാർട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട. എഴുതാനും അഭിപ്രായം പറയാനും വി ടി ബൽറാമിന്റെ മുൻ‌കൂർ അനുവാദം വാങ്ങാൻ ഇവിടെയാരും ഉദ്ദേശിക്കുന്നില്ല. അത്തരമൊരു ഗതികേട് കേരളത്തിനില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും വാർത്താക്കുറിപ്പിൽ പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണെന്ന് എസ് എഫ് ഐ നേതാക്കൾ ചൂണ്ടിക്കാട്ടി. കെ ആർ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബൽറാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്..?ഈയിടെയായി നടന്ന ചില വിഷയങ്ങളിൽ സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ വേണ്ട വിധത്തിൽ ലഭിക്കാതിരുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയായിട്ടല്ലാതെ, വി ടി ബൽറാമിന്റെ പ്രതികരണം കാണാനാവില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുൻ കാലങ്ങളിൽ കെ ആർ മീര വിമർശനം ഉന്നയിച്ചപ്പോൾ ആ വിമർശനങ്ങൾക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല. സാഹിത്യകാരന്മാരും, സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാട്ടിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് , മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ തയ്യാറാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it