Kerala

മയക്ക് മരുന്ന് വില്‍പ്പന; സ്‌നിപ്പര്‍ ഷേക്ക് പിടിയില്‍

ഇയാളുടെ പക്കല്‍ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ ബോസ് ആയ 'സ്‌നിപ്പര്‍ ഷേക്ക് ' എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു

മയക്ക് മരുന്ന് വില്‍പ്പന; സ്‌നിപ്പര്‍ ഷേക്ക് പിടിയില്‍
X

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ' സ്‌നിപ്പര്‍ ഷേക്ക് ' എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ ബോസ് ആയ 'സ്‌നിപ്പര്‍ ഷേക്ക് ' എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാള്‍ അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കയാണ് ചെയ്തിരുന്നത്. ഇതിന് ഇയാള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ ഉള്ളതായും പറയുന്നു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകള്‍. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി മയക്ക് മരുന്നുകള്‍ നല്‍കി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദ്യാര്‍ഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന സൂചന.

ആലുവയിലുള്ള കോളേജുകള്‍ കേന്ദ്രികരിച്ച് വന്‍ ലഹരി മാഫിയ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ എക്‌സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിച്ചേര്‍ന്നതും ഇതേ സ്‌നിപ്പര്‍ ഷേക്കില്‍ തന്നെയായിരുന്നു. ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്‌സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇയാള്‍ അല്‍പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൊല്ലം കടക്കാവുര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ സ്ഥിരതാമസമാണ്. പ്രതിയില്‍ നിന്ന് മയക്ക് മരുന്നുകള്‍ വാങ്ങുന്നവര്‍ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ആശങ്കകരമായ വര്‍ധനവിന്റെ സൂചനയാണ് ഇതെന്നും, മറ്റുള്ളവര്‍ അറിയാത്ത രീതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കള്‍ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന നൈട്രോസെഫാം ഗുളികകള്‍ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ആലുവയിലെ ഡ്രഗ്ഗ് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദ്യേശത്തോടെ പ്രവര്‍ത്തിച്ച് വരുന്ന ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവുമാര്‍, പ്രസന്നന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it