Kerala

'പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം'; ആര്യ രാജേന്ദ്രനെ 'കുത്തി' ഗായത്രി ബാബു

പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം; ആര്യ രാജേന്ദ്രനെ കുത്തി ഗായത്രി ബാബു
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ വന്‍മുന്നേറ്റം കാഴ്ചവെച്ച തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയില്‍ സിപിഎം നേതൃത്വം വരെ ഞെട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കൗണ്‍സില്‍ അംഗം ഗായത്രി ബാബു. പേര് പരാമര്‍ശിക്കാതെയായിരുന്നു ആര്യക്കെതിരായ വിമര്‍ശനം. ആര്യ രാജേന്ദ്രന്റെ കൗണ്‍സിലിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിരുന്നു ഗായത്രി ബാബു.

കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് എല്‍ഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്നും അടിസ്ഥാന കാര്യങ്ങള്‍ അവഗണിച്ചെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോട് പുച്ഛമാണെന്നും ഗായത്രി ബാബു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വിവാദമായതോടെ ഗായത്രി ബാബു പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസ് ആക്കി ഓഫീസിനെ മാറ്റിയെന്നും ഈ സമയം നാലാളുകളെ നേരില്‍ കണ്ടിരുന്നെങ്കില്‍ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച കോര്‍പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയില്‍ കോര്‍പറേഷന്‍ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എല്‍ഡിഎഫിന് ലീഡുണ്ട്.ജില്ലാ പഞ്ചായത്ത് നിലനില്‍ത്താനും,ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാള്‍ അധികം ഭരണസമിതി എല്‍ഡിഎഫിനുണ്ട്. അതായത് പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനം സംഘടനാപരമായി മികച്ചതാണ് എന്നര്‍ഥം.അതേസമയം,കോര്‍പറേഷനിലാകട്ടെ,എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.

കോര്‍പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംവിധാനമാണ്.ജനങ്ങളോട് ഇഴുകി ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്.ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.

പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതി വിനയവും ഉള്‍പ്പടെ,കരിയര്‍ ബില്‍ഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാന്‍ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി-പോസ്റ്റില്‍ പറയുന്നു.





Next Story

RELATED STORIES

Share it