Kerala

കോഴിക്കോട് കോര്‍പറേഷനില്‍ 35 സീറ്റിലൊതുങ്ങി എല്‍ഡിഎഫ്

കോഴിക്കോട് കോര്‍പറേഷനില്‍ 35 സീറ്റിലൊതുങ്ങി എല്‍ഡിഎഫ്
X

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷി ആയത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് ഇത്തവണ 35-ലേക്ക് കൂപ്പുകുത്തിയത്.

അതേസമയം ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു.ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് നേരിട്ടത്. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ പൊറ്റമ്മല്‍ ഡിവിഷനും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദിന്റെ മീഞ്ചന്ത ഡിവിഷനുമടക്കം നഷ്ടമായത് വലിയ നാണക്കേടായി. രണ്ട് മേയര്‍മാരുടെ വാര്‍ഡായിരുന്നു പൊറ്റമ്മല്‍. 1995ല്‍ എ.കെ.പ്രേമജവും ഇവിടെ നിന്നാണ് ജയിച്ചത്.

1962 നവംബര്‍ ഒന്നിനാണ് കോഴിക്കോട് നഗരസഭ കോര്‍പറേഷനായത്. ഇടതുപക്ഷത്തു നിന്നായിരുന്നു ആദ്യമേയര്‍. പിന്നീട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി ചുവന്നുതന്നെയിരിക്കുകയാണ് കോഴിക്കോട്.

2010ല്‍ യുഡിഎഫിന് 34 സീറ്റ് ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ അത് 20 ആയി. 2020-ല്‍ വീണ്ടും കുറഞ്ഞ് 18 ആയി. ഇതാണ് ഇത്തവണ 28 ലേക്ക് ഉയര്‍ത്തിയത്. 2010-ല്‍ 41 സീറ്റായിരുന്നു ഇടതിന്. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പില്‍ അത് 48, 50 സീറ്റുകളിലേക്കെത്തി. എന്നാല്‍, ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2015-ലും 2020-ലും ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കി 2025 ല്‍ എത്തുമ്പോഴേക്കും 13 ലേക്ക് ഉയര്‍ത്തുകയും ചെയ്തു.




Next Story

RELATED STORIES

Share it