Kerala

കാര്‍ഷിക വായ്പാ മൊറട്ടോറിയം: ഉത്തരവ് വൈകിയതില്‍ അതൃപ്തി ആവര്‍ത്തിച്ച് മന്ത്രിമാര്‍

മൊറട്ടോറിയം സംബന്ധിച്ച ഫയലില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഉന്നയിച്ച വിശദീകരണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കാണെന്നും മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുണ്ടായി.

കാര്‍ഷിക വായ്പാ മൊറട്ടോറിയം: ഉത്തരവ് വൈകിയതില്‍ അതൃപ്തി ആവര്‍ത്തിച്ച് മന്ത്രിമാര്‍
X

തിരുവനന്തപുരം: കാര്‍ഷികാ വായ്പാ മൊറട്ടോറിയത്തില്‍ ഉത്തരവ് ഇറങ്ങാത്തതില്‍ കടുത്ത അതൃപ്തിയുമായി മന്ത്രിമാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ചത്. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചയ്ക്ക് സര്‍ക്കാരാണ് ജനങ്ങളോട് മറുപടി പറയേണ്ടി വന്നിരിക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. മൊറട്ടോറിയം സംബന്ധിച്ച ഫയലില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഉന്നയിച്ച വിശദീകരണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കാണെന്നും അഭിപ്രായമുണ്ടായി.

മൊറട്ടോറിയം കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാത്തത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ചീഫ്‌സെക്രട്ടറിയെ അതൃപ്തിയും അറിയിച്ചിരുന്നു. അതിനിടെ, ഇന്നലെ കാര്‍ഷിക വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്കുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടാനുള്ള മന്ത്രിസഭായോഗം സംബന്ധിച്ച ഫയല്‍ ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണക്ക് അയച്ചെങ്കിലും വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മടക്കി. നിശ്ചിത മാതൃകയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇളവ് ആവശ്യപ്പെടേണ്ടതെങ്കിലും അത് പാലിച്ചിട്ടില്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കേ ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുമാറ്റച്ചട്ടം വരുന്നതിനും ദിവസങ്ങള്‍ക്കുമുമ്പേ മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഉത്തരവിറക്കാന്‍ വൈകിയതിനു കാരണം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്ത നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിടാനാവില്ലെന്നും ടീക്കാറാം മീണ മറുപടിയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കടുത്ത ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ഇന്നു വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ കൂടുംബത്തിന് ധനസഹായം നല്‍കുന്നതു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.

Next Story

RELATED STORIES

Share it