Kerala

മഹാമാരിക്കെതിരേ സമര്‍പ്പിത സേവനം: സാന്ത്വനം ഹെല്‍പ് ലൈന്‍ മാതൃകയാവുന്നു

മഹാമാരിക്കെതിരേ സമര്‍പ്പിത സേവനം: സാന്ത്വനം ഹെല്‍പ് ലൈന്‍ മാതൃകയാവുന്നു
X

പി സി അബ്ദുല്ല

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ കുരുക്കില്‍ നിശ്ചലമായിപ്പോയ ദുരിത ജീവിതങ്ങളുടെ വിളിപ്പുറത്ത് സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത മാതൃകയായി എസ് വൈഎസ് സാന്ത്വനം വോളന്റിയര്‍മാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നും ഭക്ഷണവുമടക്കമുള്ള അടിയന്തര സഹായങ്ങളുമൊരുക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസ് വൈഎസ് ഹെല്‍പ് ലൈന്‍ വഴി ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. സംസ്ഥാന തലത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് കേന്ദ്രീകൃത സ്വഭാവത്തിലാണ് സാന്ത്വനം ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഏതു ഭാഗങ്ങളില്‍ നിന്ന് ഏതു സമയത്ത് സഹായാഭ്യര്‍ഥനയെത്തിയാലും അടിയന്തര സ്വഭാവത്തോടെ സഹായ ഹസ്തവുമായെത്തുന്ന സന്നദ്ധ ഭടന്‍മാരുടെ ശൃംഖലയാണ് എസ് വൈഎസ് സജ്ജമായിട്ടുള്ളത്.

എറണാകുളത്തെ ഹെല്‍പ് ലൈന്‍ ആസ്ഥാനത്തും മേഖലാ കേന്ദ്രങ്ങളിലും സഹായമഭ്യര്‍ഥിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ അതത് പ്രദേശങ്ങളിലെത്തിച്ച് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി എസ് വൈഎസ് സാന്ത്വനം വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളത്ത് ലഭിക്കുന്ന സഹായാഭ്യര്‍ഥനകള്‍ മേഖലാ ഹെല്‍പ് ലൈന് കൈമാറും. അവിടെ നിന്ന് സര്‍ക്കിളുകളിലെത്തുന്ന സന്ദേശങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ആറായിരത്തോളം യൂനിറ്റുകള്‍ വഴി സമയ ബന്ധിതമായി സേവനം ഉറപ്പുവരുത്തും.


സ്വാന്തനം ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ മൂന്നുദിവസം കൊണ്ടു തന്നെ നാലായിരത്തിലേറെ ആളുകളാണ് സേവനം തേടി വിളിച്ചത്. സര്‍ക്കാരിന്റെ സമൂഹ അടുക്കള നിലവില്‍ വരും മുമ്പ് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി മാതൃകയായത് സാന്ത്വനമാണ്. ആലുവ, തിരുവനന്തപുരം, കാസര്‍കോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു ബന്ധപ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് ആദ്യം ഭക്ഷണമൊരുക്കുകയും പിന്നീട് എംഎല്‍എമാരെയും തദ്ദേശ സ്ഥാപന അധികൃതരെയും ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്ക് സ്ഥിരം സൗകര്യമൊരുക്കുകയും ചെയ്തു. 'നിങ്ങള്‍ വീട്ടിലിരിക്കൂ; നിങ്ങള്‍ക്കായി ഞങ്ങള്‍ പുറത്തുണ്ട്' എന്ന സന്ദേശമാണ് എസ് വൈഎസ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്നത്.


ദിനംപ്രതി നൂറുകണക്കിന് അനുഭവങ്ങളാണ് സാന്ത്വനം ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. കൊറോണ വൈറസ് ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കും തൊഴിലില്ലാതെ പട്ടിണിയിലായ കുടുംബങ്ങള്‍ക്കും അവശ്യ സാധനങ്ങള്‍ ലഭ്യമാവാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ഭക്ഷ്യ കിറ്റുകളടക്കമുള്ള അടിയന്തര സേവനങ്ങളും ലഭ്യമാക്കുന്നു. എസ് വൈഎസ് യൂനിറ്റുകളില്‍ സ്വന്തമായി നിര്‍മിക്കുന്ന ലക്ഷക്കണക്കിന് മാസ്‌കുകള്‍ ഇതിനകം വിതരണം ചെയ്തു. എറണാകുളം ജില്ലയില്‍ മാത്രം കാല്‍ ലക്ഷം മാസ്‌കുകളാണ് സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, പോലിസ് സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തത്. പുറത്തിറങ്ങാന്‍ വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതെ കുടുങ്ങിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് വിവിധ ജില്ലകളിലായി ഭക്ഷ്യധാന്യം എത്തിച്ചുകൊടുത്തത്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന നിത്യ രോഗികളും സഹായത്തിനായി വിവിധ ജില്ലകളില്‍ ഉള്ളവര്‍ക്ക് അടിയന്തര സഹായം എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിയിലും എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ പങ്കാളികളാവുന്നുണ്ട്. കൊച്ചി കോര്‍പറേഷനിലെ 10 ഡിവിഷനുകളില്‍ കമ്യൂണിറ്റി കിച്ചണ്‍ ചുമതല എസ് വൈ എസ് എറ്റെടുത്തിട്ടുണ്ട്. ആശുപത്രികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പോലിസ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിവിധ ജില്ലകളില്‍ ഇതിനകം വിതരണം ചെയ്തു.


സംസ്ഥാനത്തിന് പുറത്തും കൊവിഡ് കാലയളവില്‍ വിപ്ലവകരമായ സേവനങ്ങളാണ് എസ് വൈഎസ് സാന്ത്വനം ഹെല്‍പ് ലൈന്‍ നടത്തുന്നത്. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 30ന് മാത്രം 3,0000ത്തോളം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലാണ് പരിഹാരമുണ്ടാക്കിയത്. അസം, ബംഗാള്‍, ബീഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി കേരളം, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ അയര്‍ സംസ്ഥാനങ്ങളിലെത്തിയ ഒരു ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഒരാഴ്ച കൊണ്ട് സാന്ത്വനം ഹെല്‍പ് ലൈന്‍ ഇടപെട്ടു. ഭക്ഷണവും താമസ സൗകര്യവുമില്ലാത്തതുമുതല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാനാവാത്ത പ്രശ്‌നങ്ങള്‍ വരെ ഇടപെട്ട് പരിഹരിച്ചതായി സുഹൈറുദ്ദീന്‍ നൂറാനി പറഞ്ഞു. ഡല്‍ഹിയിലും ഗുജറാത്തിലും ബെംഗളൂരുവിലുമൊക്കെയുള്ള മര്‍കസ് സ്ഥാപനങ്ങള്‍ വഴി നിരവധി പേര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.


സാന്ത്വനം വോളന്റിയര്‍മാര്‍ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നത് ശ്രദ്ധേയം. ഇതിനായി ഇതുവരെ പിരിവുകളോ സംഭാവനകളോ സ്വീകരിച്ചിട്ടില്ല. എസ് വൈഎസ് സംസ്ഥാന ഹെക്രട്ടറി എസ് ശറഫുദ്ദീനാണ് സാന്ത്വനത്തിര്‍റെയും സെക്രട്ടറി. എസ് വൈഎസ് എറണാകുളം ജില്ലാ സെക്രട്ടറി ഇസ്മായില്‍ സഖാഫി നെല്ലിക്കുഴിക്കാണ് സാന്ത്വനം ഹെല്‍പ് ലൈന്‍ സംസ്ഥാനതല ചുമതല. മുഹമ്മദ് ഫിറോസ് അഹ്‌സനി, യൂസുഫ് സഖാഫി അറക്കപ്പടി, മുഹമ്മദ് ഫിറോസ് അഹ്‌സനി ആലുവ, ഷംസുദ്ദീന്‍ കൊടി കുത്തുമല, ബീരാന്‍ സഖാഫി നെല്ലിക്കുഴി, മുഹമ്മദ് സ്വാലിഹ് വെണ്ണല എന്നിവരാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it