Kerala

കൊവിഡ് പ്രതിരോധം : രണ്ടാം ഡോസ് വാക്‌സിനേഷനിലും 100 % കൈവരിക്കാന്‍ എറണാകുളം ജില്ല;സമയപരിധി മൂന്നു മാസം

നിലവില്‍ 47.48 ശതമാനത്തിലെത്തി നില്‍ക്കുന്ന വാക്‌സിനേഷന്‍ മൂന്നു മാസത്തിനകം നൂറിലെത്തിക്കുന്നതിനായി ബഹുതല പദ്ധതികള്‍ക്ക് രൂപം നല്‍കും.

കൊവിഡ് പ്രതിരോധം : രണ്ടാം ഡോസ് വാക്‌സിനേഷനിലും 100 % കൈവരിക്കാന്‍ എറണാകുളം ജില്ല;സമയപരിധി മൂന്നു മാസം
X

കൊച്ചി: കൊവി പ്രതിരോധത്തിന്റ ഒന്നാം ഡോസ് വാക്‌സിനേഷനില്‍ സംസ്ഥാനത്ത് ആദ്യമായി നൂറ് ശതമാനം കൈവരിച്ച എറണാകുളം ജില്ല രണ്ടാം ഡോസ് വാക്‌സിനേഷനിലും തീവ്രയത്‌നത്തിലേക്ക്. മൂന്നു മാസത്തിനകം സമ്പൂര്‍ണ വാക്‌സിന്‍ പ്രതിരോധമാണ് എറണാകുളം ജില്ല ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി. നിലവില്‍ 47.48 ശതമാനത്തിലെത്തി നില്‍ക്കുന്ന വാക്‌സിനേഷന്‍ മൂന്നു മാസത്തിനകം നൂറിലെത്തിക്കുന്നതിനായി ബഹുതല പദ്ധതികള്‍ക്ക് രൂപം നല്‍കും.

സര്‍ക്കാര്‍ ആശുപത്രികള്‍, ഔട്ട് റീച്ച് സെന്ററുകള്‍, സ്‌പോണ്‍സര്‍ എ ജാബ് പദ്ധതിയില്‍ വരുന്ന സ്വകാര്യ ആശുപത്രികള്‍, കോളജുകളില്‍ സംഘടിപ്പിക്കുന്ന ക്യാംപുകള്‍, സര്‍ക്കാരിതര സംഘടനകള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ക്യാംപുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്നും പണം നല്‍കിയും വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ട്.

ആദ്യ ഡോസായി കോവാക്‌സിന്‍ സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയായവര്‍ക്കും കൊവിഷീല്‍ഡ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ജില്ലയില്‍ 105 സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളും 80 തദ്ദേശ സ്ഥാപന ഔട്ട് റീച്ച് കേന്ദ്രങ്ങളും 84 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയോ ആശ വര്‍ക്കര്‍ മാര്‍ മുഖേനയോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ക്കായി ഒക്ടോബര്‍ 16 വരെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 90 ശതമാനം ഓണ്‍ലൈന്‍ സ്‌ളോട്ടുകളും രണ്ടാം ഡോസിനായി മാറ്റിവച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.സ്‌പോണ്‍സര്‍ എ ജാബ് പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി കോളജ് അധികൃതര്‍ക്ക് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാം.

സര്‍ക്കാരിതര സംഘടനകള്‍ക്കും വാക്‌സിനേഷന്‍ യജ്ഞവുമായി സഹകരിക്കാം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച ഗസ്റ്റ് വാക്‌സ് പദ്ധതിയിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it