Kerala

കൊവിഡ്: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലിസ്

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ സൈബര്‍ സെല്ലിന്റെയും, സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്റെയും മേല്‍നോട്ടത്തില്‍ സൈബര്‍ പെട്രോളിംഗ് നടത്തി വരുന്നുണ്ട്. സംശയമുള്ളവരെയും മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും പ്രത്യേകം നിരീക്ഷിക്കും

കൊവിഡ്: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലിസ്
X

കൊച്ചി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ സൈബര്‍ സെല്ലിന്റെയും, സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്റെയും മേല്‍നോട്ടത്തില്‍ സൈബര്‍ പെട്രോളിംഗ് നടത്തി വരുന്നുണ്ട്.

സംശയമുള്ളവരെയും മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും പ്രത്യേകം നിരീക്ഷിക്കും. കൊവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി, തെറ്റിദ്ധാരണ എന്നിവ പരത്തുന്നതും അശാസ്ത്രിയവുമായ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഐടി ആക്ട്, ഇന്‍ഡ്യന്‍ ശിക്ഷാ നിയമം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നീ നിയമങ്ങള്‍ പ്രകാരമാവും നടപടികള്‍ സ്വീകരിക്കുകയെന്ന് എസ്പി അറിയിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട ഗവണ്മെന്റ് ഉത്തരവുകളും, നിയന്ത്രണങ്ങളും മറ്റും ജില്ലാ പോലിസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളുകളില്‍ യഥാസമയം പോസ്റ്റ് ചെയ്യാറുണ്ട്. റൂറല്‍ ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിയ്ക്കാത്തതിന് 198 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. 63 പേരെ അറസ്റ്റ് ചെയ്തു. 118 വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിയ്ക്കാത്തതിന് 1487 പേര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 1142 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റൈന്‍ ലംഘനത്തിന് രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it