Kerala

കൊവിഡ്: ദേവാലയങ്ങളില്‍ ജനപങ്കാളിത്തം ക്രമീകരിക്കണമെന്ന് കെസിബിസിയും യാക്കോബായ സഭയും

വൈറസ് വ്യാപനത്തിന്റെ വര്‍ധനവ് കണക്കിലെടുത്തു കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.കൊവിഡ് വ്യാപന തീവ്രത കുറയുന്നതുവരെ മാമ്മോദീസയും വിവാഹങ്ങളും നീട്ടിവെയ്ക്കുന്നതാണ് ഉത്തമമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയോസ്

കൊവിഡ്: ദേവാലയങ്ങളില്‍ ജനപങ്കാളിത്തം ക്രമീകരിക്കണമെന്ന് കെസിബിസിയും യാക്കോബായ സഭയും
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കത്തോലിക്കാ ദൈവാലയങ്ങളില്‍ ആരാധനകര്‍മ്മങ്ങള്‍ നടത്തേണ്ടതും ദൈവാലയകര്‍മ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)യും കഴിയുന്നത്ര വിശ്വസികള്‍ ഓണ്‍ലൈനിലൂടെ ആരാധനകളില്‍ പങ്കെടുത്താല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ സഭയും സര്‍ക്കുലര്‍ പുറത്തിറക്കി.

കുമ്പസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ കൊവിഡ് ബാധിതര്‍ക്കായി വൈദികര്‍ നടത്തുമ്പോള്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കൊവിഡ്‌നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കൊവിഡ് രോഗികളെ ചികില്‍സിക്കുന്നുണ്ട്. അവിടെ കൊവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ധനവു കണക്കിലെടുത്തു കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്നും കെസിബിസി പ്രസിഡണ്ട് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് അനുവദനീയമായ എണ്ണം വിശ്വാസികള്‍ മാത്രമെ ദേവാലയങ്ങളിലെ ആരാധനയില്‍ പങ്കെടുക്കാന്‍ പാടുളളുവെന്ന് യാക്കോബോയ സഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു.പെരുന്നാളുകളില്‍ ആഘോഷവും നേര്‍ച്ച സദ്യയും പ്രദക്ഷിണവും ഒഴിവാക്കണം.ആരാധനകളുടെ ദൈര്‍ഘ്യം കൂടരുത്.വൈദികര്‍ ആരാധനയില്‍ പങ്കെടുക്കുന്ന സമയത്ത് മാസ്‌ക് ധരിച്ചിരിക്കണം. അതിനു ബുദ്ധിമുട്ടുള്ളവര്‍ ശുശ്രൂഷകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണ്.കൊവിഡ് വ്യാപന തീവ്രത കുറയുന്നതുവരെ മാമ്മോദീസയും വിവാഹങ്ങളും നീട്ടിവെയ്ക്കുന്നതാണ് ഉത്തമമെന്നും ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it