Kerala

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല; ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആഴ്ച ഏതായാലും സമ്പൂര്‍ണ ലോക്ക് ഡൗണുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല; ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് ഉടന്‍ പോവേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകളില്‍ കര്‍ശന നടപടി മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിലവില്‍ പാലിക്കുന്ന രീതി തുടരും. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആഴ്ച ഏതായാലും സമ്പൂര്‍ണ ലോക്ക് ഡൗണുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തില്‍ താണിട്ടുണ്ട്. രോഗമുക്തിയും നല്ലനിലയ്ക്കാണുള്ളത്.

പക്ഷേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്. കൊല്ലം ജില്ലയിലെ 33 കോവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളിലായി 4,850 കിടക്കകള്‍ സജ്ജീകരിച്ചു. 3,624 കിടക്കകള്‍ ഉള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അതോടെ 64 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി ആകെ കിടക്കകളുടെ എണ്ണം 8,474 ആവും. പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ സമ്പര്‍ക്കംമൂലം ഇതുവരെ 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമല്ല.

തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ സമ്പര്‍ക്കം മൂലം ഇതുവരെ 44 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളിലായി 7,364 ബെഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡുകളാണുള്ളത്. ആലപ്പുഴയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. തീരപ്രദേശത്തെ ക്ലസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുന്നു. സമ്പര്‍ക്കപട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കരപ്പളളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്കപട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3,140 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ വൃദ്ധജനരോഗീപരിപാലന കേന്ദ്രങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണുള്ളത്. തൃക്കാക്കരയിലെ ഒരു കെയര്‍ ഹോമിലെ 135 അന്തേവാസികളുടെ ആന്റിജന്‍ പരിശോധന നടത്തിയതില്‍ 40 പേരുടെ റിസല്‍ട്ടും പോസീറ്റീവാണ്. കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയര്‍ ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും. പോസിറ്റീവായവരുടെ എണ്ണം കൂടുതലുള്ള കെയര്‍ഹോമുകളില്‍ തന്നെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവുമുണ്ടാവും.

രോഗനിലയില്‍ വ്യത്യാസം കണ്ടാല്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. ലഭ്യമായ മൊത്തം ചികില്‍സാസൗകര്യത്തില്‍ 39 ശതമാനം കിടക്കകളാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. 47 ശതമാനം ഐസിയു സൗകര്യവും 26 ശതമാനം വെന്റിലേറ്ററുകളും ഉപയോഗിക്കുന്നുണ്ട്. പ്രധാന ക്ലസ്റ്ററായ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. സമീപപഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപോര്‍ട്ട് ചെയ്തിരുന്നു. തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുകയാണ്.

ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 1000 കടന്നു. 40 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് വ്യാപിക്കുന്നുണ്ട്. നാളെ വൈകീട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 സിഎഫ്എല്‍ടിസികള്‍ തയ്യാറായി. ഇതില്‍ 6,033 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിലെ രോഗബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്.

ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. ജില്ലയില്‍ 59 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ഒരുങ്ങുന്നത്. 5,793 പേരെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യമുണ്ടാവും. വയനാട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുണ്ടായിട്ടില്ല. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്. ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2,630 കിടക്കകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. 5,660 ബെഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസികളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. 50 ഇടങ്ങളിലായി ഒരുക്കിയ എഫ്എല്‍ടിസികളില്‍ 4,870 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ തൂണേരിയാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും ഈ വ്യക്തിയുമായി ഇടപഴകിയവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചോറോട് ഗ്രാമപ്പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ജന്‍മദിനാഘോഷം നടന്നത് ജൂലൈ 15നാണ്.

കൊവിഡ് സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടന്നത്. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കണ്ണൂരില്‍ ഫസ്റ്റ്‌ലൈന്‍ ചികില്‍സാകേന്ദ്രങ്ങളില്‍ ആകെ 7,178 കിടക്കകള്‍ സജ്ജമാക്കി. ഇതില്‍ 2,500 കിടക്കകള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ്. ബാക്കി 4,678ല്‍ പഞ്ചായത്തുകളില്‍ 2,632, മുന്‍സിപ്പാലിറ്റി 1,296, കോര്‍പറേഷന്‍ 750. എന്നിങ്ങനെയാണ് കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ ആറ് കമ്മ്യൂണിറ്റി ക്ലസറുകളാണ്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്.

ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്മ്യൂണിറ്റി ക്ലസ്റ്ററില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും കൃത്യനിഷ്ഠയോടെ നടത്തിയ ഇടപെടലുകള്‍ വൈറസിന്റെ വ്യാപനം കുറയ്ക്കുവാനും മരണനിരക്ക് കുറക്കുവാനും സഹായിച്ചു. ആദ്യ രണ്ടുഘട്ടത്തിലും രോഗപ്പകര്‍ച്ച ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. മൂന്നാംഘട്ടത്തിലെ രോഗപ്പകര്‍ച്ച എല്ലാവരും പ്രതീക്ഷിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it