Kerala

സമൂഹവ്യാപനം: കോട്ടയം ജില്ലയില്‍ 500 പേരുടെ രക്തസാംപിളുകള്‍ ശേഖരിക്കും

ഓരോ മേഖലകളില്‍നിന്ന് ലഭിക്കുന്ന പട്ടികയില്‍നിന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുന്‍നിശ്ചപ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന നടത്തുക.

സമൂഹവ്യാപനം: കോട്ടയം ജില്ലയില്‍ 500 പേരുടെ രക്തസാംപിളുകള്‍ ശേഖരിക്കും
X

കോട്ടയം: കൊവിഡ്-19ന്റെ സമൂഹവ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതും സമൂഹരോഗപ്രതിരോധശേഷിയും വിലയിരുത്തുന്നതിന് കോട്ടയം ജില്ലയില്‍ നടത്തുന്ന പഠനത്തിനായി (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 500 പേരുടെ രക്തസാംപിളുകള്‍ ശേഖരിക്കും. ഓരോ മേഖലകളില്‍നിന്ന് ലഭിക്കുന്ന പട്ടികയില്‍നിന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുന്‍നിശ്ചപ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന നടത്തുക.

ജില്ലയില്‍ പരിശോധന ഇന്ന് ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കറുകച്ചാല്‍, തലയോലപ്പറമ്പ്, ഉള്ളനാട്, എരുമേലി, ഇടമറുക് എന്നീ ആരോഗ്യബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് സാംപിള്‍ ശേഖരണം നടത്തുക. സാംപിള്‍ ശേഖരണത്തിനായി വിവിധ മേഖലകളിലുള്ളവരെ അഞ്ചുഗ്രൂപ്പുകളും അനുബന്ധ ഉപവിഭാഗങ്ങളമായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും പരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ എണ്ണവും ചുവടെ

കൊവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍- 100

മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍- 100

ഫീല്‍ഡ് ജോലിയിലുള്ള പോലിസ്, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കൊറിയര്‍ സര്‍വീസ് ജീവനക്കാര്‍, ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍- 50

റേഷന്‍കട ജീവനക്കാര്‍, ഭക്ഷ്യവസ്തു വില്‍പ്പന ശാലകളിലെ ജീവനക്കാര്‍, കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, മറ്റു കച്ചവടക്കാര്‍- 25

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുള്ള ചുമട്ടുതൊഴിലാളികള്‍, വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍, വെയര്‍ ഹൗസ് ജീവനക്കാര്‍, വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, ചായ വില്‍പ്പനക്കാര്‍, ലൈംഗിക തൊഴിലാളികള്‍-12

അന്തര്‍സംസ്ഥാന തൊഴിലാളികള്‍- 25

ഹോം ക്വാറന്റയിനിലും സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റയിന്‍ കേന്ദ്രങ്ങളിലും കഴിയുന്നവര്‍-100

60 വയസിനു മുകളിലുള്ളവര്‍-100

കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലില്ലാത്ത മറ്റു രോഗങ്ങളുള്ളവര്‍-25

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ (കൊവിഡ് രോഗികളുമായി സമ്പര്‍ക്കമോ യാത്രാ പശ്ചാത്തലമോ ഇല്ലാത്തവര്‍)-13

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മെയ് ഏഴിനുശേഷം ജില്ലയിലെത്തുകയും 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍-25

കരുതല്‍ സാംപിളുകള്‍-25

ആലോചനാ യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാംക്രമികരോഗ ചികില്‍സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സി ജെ സിതാര തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it