Kerala

കൊവിഡ്: നിരീക്ഷണകേന്ദ്രങ്ങളിലുള്ള 24 പ്രവാസികള്‍ നാളെ വീടുകളിലേക്ക് മടങ്ങും

ചാത്തമംഗലം എന്‍ഐടി കാംപസ് മാനേജ്മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്ന രണ്ടുപേരുമാണ് 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങുന്നത്. രാവിലെ 8 മണി മുതല്‍ സ്വന്തം വാഹനങ്ങളിലാണ് ഇവര്‍ വീടുകളിലേക്ക് പോവുക.

കൊവിഡ്: നിരീക്ഷണകേന്ദ്രങ്ങളിലുള്ള 24 പ്രവാസികള്‍ നാളെ വീടുകളിലേക്ക് മടങ്ങും
X

കോഴിക്കോട്: സര്‍ക്കാര്‍ കൊവിഡ് പരിചരണകേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്ന 24 പ്രവാസികള്‍ നാളെ വീടുകളിലേക്ക് മടങ്ങും. ചാത്തമംഗലം എന്‍ഐടി കാംപസ് മാനേജ്മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്ന രണ്ടുപേരുമാണ് 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങുന്നത്. രാവിലെ 8 മണി മുതല്‍ സ്വന്തം വാഹനങ്ങളിലാണ് ഇവര്‍ വീടുകളിലേക്ക് പോവുക. മെയ് 7ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ദുബയ് വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തിയ്യതി പുലര്‍ച്ചെയാണ് കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതില്‍ രോഗലക്ഷണമുള്ള ഒരാളെയും മറ്റ് അസുഖമുള്ള ഒരാളെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സ്വന്തം വീടുകളിലേക്ക് പോവുന്നത്.

വീടുകളിലേക്ക് മടങ്ങുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ശേഷം അടുത്തുള്ള പിഎച്ച്‌സിയുമായി ബന്ധപ്പെട്ടാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ കാലയളവില്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഫോണ്‍ മുഖേന അറിയിച്ചാല്‍ ചികിത്സ ലഭിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. രോഗലക്ഷണമുള്ളവര്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.

മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന് ജില്ലയില്‍ 22 സെന്ററുകളാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. ഇതില്‍ 13 സെന്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ നാല് പെയ്ഡ് കെയര്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ 352 പേരാണ് കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15 പേര്‍ പെയ്ഡ് സെന്ററുകളിലാണ്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമേ ഇംഗ്ലണ്ട്, റഷ്യ, ഫിലിപ്പൈന്‍സ്, മലേസ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രവാസികള്‍ എത്തിയത്. മാലദ്വീപില്‍നിന്ന് കപ്പല്‍ വഴി രണ്ടുതവണയായി വന്ന 35 പേരും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്.

Next Story

RELATED STORIES

Share it