Kerala

ആഭ്യന്തര വകുപ്പ് നോക്കുകുത്തി ആയപ്പോഴാണ് ആ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്: പി ​ഗീത

എല്ലാ നിലക്കും ഓരത്തായിപ്പോയ ഒരു സ്ത്രീയുടെ പരാതിയാണത്. അവർക്കുള്ള നീതിയാണ് അയ്യങ്കാളിയുടെയും ഗുരുവിൻ്റെയും വിടിയുടെയും, അതായത് ആത്യന്തികമായി നവോത്ഥാന കേരളത്തിൻ്റെ നീതിത്തുടർച്ച.

ആഭ്യന്തര വകുപ്പ് നോക്കുകുത്തി ആയപ്പോഴാണ് ആ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്: പി ​ഗീത
X

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ച സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി ​ഗീത. ഹരീഷ് വാസുദേവനെതിരേ രൂക്ഷമായ ഭാഷയിലാണ് ​ഗീത വിമർശനമുന്നയിച്ചിരിക്കുന്നത്.

വേട്ടയാടപ്പെട്ട പെൺകുട്ടികളുടെ അമ്മയെ, നിന്ദ്യവും ക്രൂരവുമായി വിചാരണ നടത്തിയത് ഒരു പ്രസിദ്ധ ഹൈക്കോടതി വക്കീലു തന്നെയായിരുന്നു എന്നതാണ് വിരോധാഭാസം. ഭരണാധികാരികളുടെ പ്രിയങ്കരനായി അറിയപ്പെടുന്ന ഈ വക്കീലിനെതിരേ ആ അമ്മ നൽകിയ പരാതിയിന്മേൽ മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി കേസെടുക്കാൻ നിർദേശിക്കയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയപ്പോഴാണ് ആ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഒത്തുതീർപ്പുകൾക്കതീതമായി ഈ കേസിലുണ്ടാകുന്ന മാതൃകാപരമായ വിധിന്യായത്തിനായി കാത്തിരിക്കുന്നുവെന്നും ​ഗീത ഫേസ്ബുക്കിൽ കുറിച്ചു.

പി ​ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

നവോത്ഥാന കേരളത്തിൽ സ്മാർത്തവിചാരത്തെ പുനരാനയിക്കുകയായിരുന്നു ഒരു ആധുനികോത്തര നിയമജ്ഞൻ! മലയാളി ലോകത്തിനു മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്തണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട രണ്ടു പിഞ്ചു പെൺകുട്ടികളുടെ പാവപ്പെട്ട അമ്മയെ ഇലക്ഷനു തൊട്ടുമുമ്പ് സമൂഹമാധ്യമത്തിലൂടെ പരസ്യ വിചാരണ നടത്തുകയായിരുന്നു. 2005 ലെ സൂര്യനെല്ലി കേരളാ ഹൈക്കോടതി വിധിയിൽ പെൺകുട്ടിയെയും രക്ഷിതാക്കളെയും സ്വഭാവഹത്യ നടത്തിയത് അന്നു തന്നെ ഏറെ വിവാദമായിരുന്നു. ആ വിധിക്കെതിരെ തെരുവുകൾ തോറും പ്രചരണം നടന്നു. അതിൽ പങ്കെടുത്ത ഒരു പെണ്ണാണ് ഞാനും.ഇന്നത്തെ നിയമമനുസരിച്ച് അതും ഒരു പോക്സോ കേസു തന്നെ. നിയമങ്ങൾക്കു പൂർവകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ! ഒന്നര പതിറ്റാണ്ടിനു ശേഷം 2021 ൽ അതിനേക്കാൾ ദാരുണമായ ഒരു സംഭവത്തിൽ അതേക്കാൾ നികൃഷ്ടമായി വേട്ടയാടപ്പെട്ട പെൺകുട്ടികളുടെ അമ്മയെ, 2005 കോടതി വിധിയിലുള്ളതിനേക്കാൾ നിന്ദ്യവും ക്രൂരവുമായി വിചാരണ നടത്തിയത് ഒരു പ്രസിദ്ധ ഹൈക്കോടതി വക്കീലു തന്നെയായിരുന്നുവെന്നതാണ് വിരോധാഭാസം. ഭരണാധികാരികളുടെ പ്രിയങ്കരനായി അറിയപ്പെടുന്ന ഈ വക്കീലിനെതിരെ ആ അമ്മ നല്കിയ പരാതിയിന്മേൽ മണ്ണാർക്കാട് SC/ST കോടതി കേസെടുക്കാൻ നിർദേശിക്കയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയപ്പോഴാണ് ആ അമ്മക്കു കോടതിയെ സമീപിക്കേണ്ടി വന്നത്.

ഒത്തുതീർപ്പുകൾക്കതീതമായി ഈ കേസിലുണ്ടാകുന്ന മാതൃകാപരമായ വിധിന്യായത്തിനായി കാത്തിരിക്കുന്നു. നീതിബോധമുള്ള കോടതികൾ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ആത്മവിശ്വാസമെങ്കിലും ഒരു ജനതക്കുണ്ടാകണം. മാത്രമല്ല എല്ലാ നിലക്കും ഓരത്തായിപ്പോയ ഒരു സ്ത്രീയുടെ പരാതിയാണത്. അവർക്കുള്ള നീതിയാണ് അയ്യങ്കാളിയുടെയും ഗുരുവിൻ്റെയും വിടിയുടെയും, അതായത് ആത്യന്തികമായി നവോത്ഥാന കേരളത്തിൻ്റെ നീതിത്തുടർച്ച. അല്ലാതെ അക്കാദമിക ബുദ്ധിജീവികളുടെ ബ്രാഹ്മണിക്കലായ നവോത്ഥാന പ്രഭാഷണങ്ങളല്ല.

ആയതിനാൽ

#വാളയാറമ്മയോടൊപ്പം #

അവരുടെ നീതിക്കായി ഒരു പെണ്ണായ ഞാൻ സർവാത്മനാ അണിചേർന്നതായി പരസ്യമായി അറിയിച്ചിരിക്കുന്നു. എൻ്റെ സഹോദരിമാരോട് അങ്ങനെ ചെയ്യാൻ അപേക്ഷിക്കയും ചെയ്യുന്നു.

Next Story

RELATED STORIES

Share it