Kerala

സ്വർണക്കടത്ത്: ഇന്നും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉപജാപങ്ങൾ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ട്. സർക്കാർ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്.

സ്വർണക്കടത്ത്: ഇന്നും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെ ഇന്നും മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വസ്തുതയും ഇല്ലാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങൾ ശരിയായ കാര്യങ്ങളാണ് നിർവഹിക്കേണ്ടത്. എന്നാൽ മാധ്യമങ്ങൾ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുമ്പോൾ ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവികമായിരുന്നെങ്കിൽ, ആരോപണം ഉയർന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തുകഴിഞ്ഞാൽ ആ ചോദ്യങ്ങൾ അവസാനിക്കുമായിരുന്നു. എന്നാൽ അതല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. അതിനായി ഒരു സംഘം ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആ സംഘത്തിന്റെ ജോലിയാണ് മാധ്യമങ്ങൾ നിറവേറ്റുന്നത്.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉപജാപങ്ങൾ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ട്. സർക്കാർ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. സ്വാഭാവികമായ ചോദ്യങ്ങളല്ല ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചു എന്ന വാർത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാർത്ത വന്നു? ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങൾ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിങ്ഗ്ലറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും കോടതിയുടെ മുന്നിൽ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇരിക്കുന്ന ആൾക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായെന്ന ആരോപണം ഉയർന്നപ്പോഴാണ് നടപടിയുണ്ടായത്. സ്പ്രിങ്ഗ്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങളും പിന്നീടുള്ള സംഭവങ്ങളും വെവ്വേറെ വേണം കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സർക്കാരിന് വലിയ തോതിലുള്ള യശസ്സ് ഉണ്ടാകുമ്പോൾ ചിലർക്ക് പൊള്ളലുണ്ടാക്കുന്നു. രാഷ്ട്രീയമായി അതിനെ നേരിടാൻ കഴിയാതെ വരുമ്പോൾ ഉപജാപങ്ങളിലൂടെ നേരിടാൻ ശ്രമിക്കുന്നു. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയുടെ രീതിയിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയമായി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പല മാർഗങ്ങളും സ്വീകരിക്കുന്നു. അപകീർത്തിപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നതിനും പ്രഫഷണലിസം ഉപയോഗിക്കുന്നുണ്ട്. അതിനൊപ്പം ചില മാധ്യമങ്ങളും ചേരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it