Kerala

മദ്യവിൽപന സ്വകാര്യ മേഖലയ്ക്ക് സർക്കാർ തീറെഴുതി നൽകിയെന്ന് കോൺഗ്രസ്

13 ലക്ഷം കുട്ടികളുടെ ജീവൻ കൊണ്ട് പന്താടാൻ ഈ സർക്കാർ മുന്നോട്ടു പോകുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല.

മദ്യവിൽപന സ്വകാര്യ മേഖലയ്ക്ക് സർക്കാർ തീറെഴുതി നൽകിയെന്ന് കോൺഗ്രസ്
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ വിമർശനങ്ങളുമായി കോൺഗ്രസ്. മദ്യവിൽപന മൊത്തത്തിൽ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനും അടിയറ വെയ്ക്കാനും സർക്കാർ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളിയുടെ ആരോപണം. മദ്യലഭ്യത ക്രമാനുഗതമായി കുറയ്ക്കുമെന്നാണ് എൽഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്.

കഴിഞ്ഞ വർഷം ബെവ്കോ വഴിയുള്ള മദ്യവിൽപന വഴി 14,200 കോടിയാണ് ഖജനാവിനു ലഭിച്ചത്. യുഡിഎഫ് കാലത്ത് ആകെയുണ്ടായിരുന്ന ബാറുകളുടെ എണ്ണം 24 ആയിരുന്നെങ്കിൽ ഇപ്പോൾ 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 605 ബാറുകളിലെ 1,292 ഔട്ട്ലെറ്റുകളിലൂടെ നാളെ മുതൽ മദ്യവിതരണം നടത്തുമ്പോൾ കേരളം പൂർണമായും ഒരു മദ്യശാലയായി മാറും. കൊവിഡിന്റെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീമമായ അഴിമതിയാണിത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കെപിസിസി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ മറവിൽ നടത്തിയ മറ്റൊരു ഇടപാടാണ് അമേരിക്കൻ വിവാദ കമ്പനിയായ സ്പ്രിങ്ഗ്ലറുമായി നടത്തിയ ഇടപാട്. ഒരു സുതാര്യതയുമില്ലാത്ത ആപത്കരമായ ഒരു ഇടപാടായിട്ടു മാത്രമേ അതിനെ കാണാനാവൂ. കൊവിഡിന്റെ മറവിൽ സ്പ്രിങ്ഗ്ലർ ഇടപാട് പരവതാനിക്കുള്ളിൽ ഒളിപ്പിക്കാമെന്ന് ഈ സർക്കാർ കരുതുന്നുവെങ്കിൽ അത് നടക്കില്ല.

പതിമൂന്നുലക്ഷം കുട്ടികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്നത്. സിബിഎസ്ഇ പരീക്ഷകൾ ജൂലൈ ഒന്നുമുതലേ നടത്തുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ച നടത്തിയതിനു ശേഷമാണോ പരീക്ഷ നടത്താനുളള തീരുമാനം കേരളം എടുത്തതെന്ന് വിശദീകരിക്കണം. 13 ലക്ഷം കുട്ടികളുടെ ജീവൻ കൊണ്ട് പന്താടാൻ ഈ സർക്കാർ മുന്നോട്ടു പോകുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ഈ കുട്ടികൾ സ്കൂളിൽ വന്നാൽ സാമൂഹിക അകലം പാലിക്കാൻ സാധ്യത വളരെ വിരളമാണെന്നാണ് വിദഗ്ധരും അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. പരീക്ഷ നടത്തുന്ന ഇൻവിജിലേറ്റർമാരായ അധ്യാപകരുടെ സുരക്ഷ ആര് ഉറപ്പുവരുത്തും. അവർ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ജനങ്ങളെ മുഴുവൻ നിരാശപ്പെടുത്തി സാമ്പത്തിക കുത്തകകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും വേണ്ടി മാത്രമുള്ള ഒരു കേന്ദ്ര പാക്കേജാണ് പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it