Kerala

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ സന്തതിയാണ് അത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യും.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒരുനിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാവില്ല. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ സന്തതിയാണ് അത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യും.

രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ്. ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് മതരാഷ്ട്രമായ പാകിസ്താനല്ല വേണ്ടത്; മതേതരരാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാന്‍ താല്‍പര്യമെന്നു പറഞ്ഞ് ഇങ്ങോട്ടുകടന്നുവന്ന അനേകായിരം മുസ്‌ലിം സഹോദരങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്താനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃതരാഷ്ട്രീയമാണ് ആര്‍എസ്എസ്സിന്റേത്.

ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് സപ്രിംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമവും ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലെന്നത് വ്യക്തമാണ്. അത് ബോധ്യമുള്ളപ്പോള്‍തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നതിനു പിന്നില്‍ നീചമായ രാഷ്ട്രീയലക്ഷ്യങ്ങളാണ്.

ജനാധിപത്യത്തെയും സമത്വത്തെയും പിച്ചിച്ചീന്തി സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. ഇതിനെതിരേ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണം. രാജ്യത്തിന്റെ സമ്പദ്ഘടന പരിതാപകരമായ നിലയിലാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതരപ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയശക്തികള്‍ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് തിരിയുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ഹിറ്റ്‌ലര്‍ ജര്‍മനിയിലുമൊക്കെ വിജയകരമായി പരീക്ഷിച്ച തന്ത്രമാണത്. അവയ്ക്ക് വലിയ ആയുസ്സുണ്ടാവില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ നിയമഭേദഗതിക്കെതിരേ ഉയര്‍ന്നുവരുന്ന പ്രതിഷേധവും രോഷവും നല്‍കുന്ന സൂചനയും അതുതന്നെയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it