Latest News

ഇറാനെതിരേ സംയുക്ത സൈനിക നടപടി; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു

ഇറാനെതിരേ സംയുക്ത സൈനിക നടപടി; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
X

തെല്‍ അവീവ്: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ഉയര്‍ത്തുന്ന നിലനില്‍പ്പിനുള്ള ഭീഷണി ഇല്ലാതാക്കുകയും ഇറാനിയന്‍ ജനതയ്ക്ക് സ്വന്തം വിധി നിര്‍ണയിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.

ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. 'എന്റെ സഹോദരങ്ങളെ, ഇസ്രായേല്‍ പൗരന്‍മാരെ, ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനിലെ ഭീകര ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്,' എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്റെ ചരിത്രപരമായ നേതൃത്വത്തിന് നന്ദി അറിയിച്ചതായി നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 47 വര്‍ഷമായി ഇറാനിലെ ആയത്തുള്ള ഭരണകൂടം 'ഇസ്രായേലിന്റെ അന്ത്യം', 'അമേരിക്കയുടെ അന്ത്യം' എന്ന നിലപാട് ആവര്‍ത്തിച്ചുവരുകയാണെന്നും, നിരവധി അമേരിക്കക്കാരുടെ മരണത്തിനും സ്വന്തം ജനങ്ങളോടുള്ള അടിച്ചമര്‍ത്തലിനും അവര്‍ ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ആണവായുധങ്ങള്‍ നേടാനുള്ള ഇറാന്റെ ശ്രമം ലോകമാനവികതയ്ക്കുള്ള ഗുരുതര ഭീഷണിയാണെന്നും, അതിനെ അനുവദിക്കാനാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. സംയുക്ത സൈനിക നടപടി ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് സ്വേച്ഛാധിപത്യത്തിനെതിരേ ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പേര്‍ഷ്യക്കാര്‍, കുര്‍ദ്ദുകള്‍, അസരികള്‍, ബലൂചുകള്‍, അഹ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും അഭിസംബോധന ചെയ്ത നെതന്യാഹു, 'സ്വതന്ത്രവും സമാധാനം ആഗ്രഹിക്കുന്നതുമായ ഒരു ഇറാന്‍ സ്ഥാപിക്കാന്‍ ഇത് സമയമാണ്' എന്ന് ആഹ്വാനം ചെയ്തു.

'ഒന്നിച്ച് നില്‍ക്കാം, ഒന്നിച്ച് പോരാടാം, ഇസ്രായേലിന്റെ ഭാവി ഒന്നിച്ചുറപ്പിക്കാം,' നെതന്യാഹു പറഞ്ഞു.

Next Story

RELATED STORIES

Share it