Kerala

'ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല'; ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ശാന്തിമാരായി നിയമിക്കാം: ഹൈക്കോടതി

ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല; ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ശാന്തിമാരായി നിയമിക്കാം: ഹൈക്കോടതി
X

കൊച്ചി: ബ്രാഹ്‌മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.

പാര്‍ട്ട് ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. ജാതി വിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശം അല്ലെന്നുമുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം, ജസ്റ്റിസുമരായ വി രാജാവിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്ന അഖിലകേരള തന്ത്രി സമാജത്തിന്റെ ഹരജിയും കോടതി തള്ളി. ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി.

2024 ലാണ് ഇത് സംബന്ധിച്ച ഹരജി വരുന്നത്. അഖില കേരള തന്ത്രിസമാജത്തിന്റെ രണ്ട് ഭാരവാഹികളായിരുന്നു ഹരജിക്കാര്‍.ദേവസ്വം റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകള്‍ ഭരണഘടനാവിരുദ്ധമെന്നായിരുന്നു ഹരജിയിലെ പ്രധാനവാദം. ബ്രാഹ്‌മണ്യം ജന്മാധിഷ്ടിതമല്ല,ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടിയാണ്. ഗുണകര്‍മ്മങ്ങളില്‍ അധിഷ്ടിതമാണെന്നാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചതെന്ന് അഡ്വ.ടി.ആര്‍ രാജേഷ് മീഡിയവണിനോട് പറഞ്ഞു.എന്നാല്‍ ഭരണഘടനയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവര്‍ണരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ ചരിത്രപരമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോയും പിറകെ നിയമനം നല്‍കാനും ദേവസ്വം ബോര്‍ഡിന് യാതൊരു തടസവുണ്ടാകില്ല.



Next Story

RELATED STORIES

Share it