Kerala

കൊവിഡ് രോഗം മറച്ചുവച്ച് വിദേശത്ത് നിന്നെത്തിയവർക്കെതിരെ കേസെടുത്തു

ബസിൽ ഇവർ തമ്മിലുളള സംഭാഷണത്തിനിടെ രോഗവിവരം സംസാരിക്കുന്നത് കേട്ട സഹയാത്രികരിൽ ഒരാൾ ഇക്കാര്യം പോലിസിനെ അറിയിക്കുകയായിരുന്നു.

കൊവിഡ് രോഗം മറച്ചുവച്ച് വിദേശത്ത് നിന്നെത്തിയവർക്കെതിരെ കേസെടുത്തു
X

കൊല്ലം: കൊവിഡ് ബാധിതരാണെന്ന കാര്യം മറച്ചുവച്ച് വിദേശത്ത് നിന്നെത്തിയവർക്കെതിരെ കേസെടുത്തു. കെഎസ്ആർടിസി ബസിലെ ഇവരുടെ സംഭാഷണം ശ്രദ്ധിച്ച സഹയാത്രികനാണ് ഇത് സംബന്ധിച്ച് അധികൃതർക്ക് വിവരം നൽകിയത്. മെയ് 16 ശനിയാഴ്ച അബൂദബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കൊല്ലം സ്വദേശികളായ പ്രവാസികളിൽ മൂന്നുപേരാണ് രോഗം മറച്ചുവെച്ചത്.

സർക്കാർ ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസിൽ ഇവരുടെ സ്വദേശമായ കൊട്ടാരക്കരയിലേക്ക് ക്വാറന്റൈനിൽ കഴിയാൻ കൊണ്ടുപോകവേയാണ് ഇവർ നേരത്തേ രോഗബാധിതരാണെന്ന വിവരം പുറത്തായത്. ബസിൽ ഇവർ തമ്മിലുളള സംഭാഷണത്തിനിടെ രോഗവിവരം സംസാരിക്കുന്നത് കേട്ട സഹയാത്രികരിൽ ഒരാൾ ഇക്കാര്യം പോലിസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കരയിലെ കിലയിലായിരുന്നു ഇവർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇവിടെ എത്തിയപ്പോഴേക്കും ഇവർ അവശരായി. തുടർന്ന് അവിടെയുളള ആരോഗ്യപ്രവർത്തകരും സംശയം പ്രകടിപ്പിച്ചു, പോലിസ് ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് പാരിപ്പളളി മെഡിക്കൽ കോളജിലേക്ക് മാറ്റി സ്രവം പരിശോധനയ്ക്ക് അയച്ചു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

അബൂദബിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഇവർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇത് മറച്ചുവെച്ചാണ് ഇവർ യാത്ര ചെയ്തത്. കൂടാതെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴും ഇക്കാര്യം പറഞ്ഞില്ല. ഇവർ സഞ്ചരിച്ചിരുന്ന വിമാനത്തിലെ അഞ്ചുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വിമാനത്തിലെ യാത്രക്കാരെ എല്ലാവരെയും പരിശോധിക്കാനുളള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. 12 കുട്ടികളടക്കം 170 യാത്രക്കാരാണ് ഈ വിമാനത്തിൽ എത്തിയത്. രോഗവിവരം മറച്ചുവെക്കുകയും മറ്റുളളവർക്ക് പടരാൻ കാരണമാകും വിധത്തിൽ യാത്ര ചെയ്തതിനും ഇവർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തതായി കൊട്ടാരക്കര പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it