Kerala

കാന്‍സറിനു മരുന്ന്: ഗവേഷകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

അര്‍ബുദ ചികില്‍സാരംഗത്ത് അല്‍ഭുതങ്ങള്‍ക്ക് സാധ്യതയുള്ള മരുന്നാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ വികസിപ്പിച്ചത്. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി. വിജയകരമായാല്‍ 3 വര്‍ഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

കാന്‍സറിനു മരുന്ന്: ഗവേഷകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: കാന്‍സറിനെ ഇല്ലാതാക്കാനുള്ള മരുന്ന കണ്ടെത്തിയ ഗവേഷകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നുവെന്നത് ലോകം ആശ്വാസത്തോടെയാണു കാണുന്നത്. വേദനയനുഭവിക്കുന്ന കോടിക്കണക്കായ ആളുകള്‍ക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തല്‍ നമ്മുടെ കേരളത്തില്‍ നിന്നായെന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതയ്ക്കും രാഷ്ട്രത്തിനാകെത്തന്നെയും അഭിമാനിക്കാന്‍ വകതരുന്നുണ്ട്. ഇത് കേരളത്തിന്റെ യശസ്സ് ലോകരംഗത്ത് ശ്രദ്ധേയമാംവിധം ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തിലെ ശാസ്ത്രപ്രതിഭകള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒന്നാംനിരയില്‍ നില്‍ക്കുന്നവരാണെന്നത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തില്‍ ഡോ.രഞ്ജിത് പി നായര്‍, ഡോ.മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ.മെജോ സി കോര, ഡോ.ഹരികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആര്‍ക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ച ഇവരെ എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വവും പ്രതിഭയും സമന്വയിച്ചതിന്റെ ഫലമാണ് ഈ കണ്ടുപിടിത്തം.

ജീവകാരുണ്യപരമായ മഹത്തായ നേട്ടം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഇത് സാര്‍വദേശീയ ശാസ്ത്രതലത്തില്‍ ആത്യന്തികമായി അംഗീകരിക്കപ്പെടുമെന്നും അര്‍ബുദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയായി ഉപകരിക്കുമെന്നും അങ്ങനെ ജനകോടികള്‍ രോഗമുക്തമാവുമെന്നും പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

അര്‍ബുദ ചികില്‍സാരംഗത്ത് അല്‍ഭുതങ്ങള്‍ക്ക് സാധ്യതയുള്ള മരുന്നാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ വികസിപ്പിച്ചത്. 2010 ല്‍ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഞരമ്പില്‍ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പടെ മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി. വിജയകരമായാല്‍ 3 വര്‍ഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തില്‍ നിന്നു വേര്‍തിരിച്ച ഏക തന്മാത്രാ പദാര്‍ഥവും രക്തത്തിലെ ആല്‍ബുമിന്‍ എന്ന പ്രോട്ടീനും ചേര്‍ത്താണു കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ആല്‍ബുമിനും സസ്യപദാര്‍ഥത്തിന്റെ പ്രോട്ടീനും സംയോജിപ്പിച്ച് വീണ്ടും ശുദ്ധീകരിച്ച് പൗഡര്‍ രൂപത്തിലാക്കി ജലത്തില്‍ ലയിപ്പിച്ചശേഷം ഞരമ്പുകളില്‍ കൂടി മരുന്ന് കുത്തിവയ്ക്കാം. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എസ്സിടിഎസി-2010 എന്നാണു മരുന്നിന് പേരിട്ടിരിക്കുന്നത്. സസ്യമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങളിലൂടെ മാത്രമെ ഏതൊക്കെതരം അര്‍ബുദങ്ങള്‍ക്ക് മരുന്ന് ഫ്രലപ്രദമാവൂവെന്ന് കണ്ടെത്താനാവൂ.

Next Story

RELATED STORIES

Share it