Kerala

ക്ഷേത്രത്തിനുള്ളില്‍ സ്‌ഫോടനം; ആര്‍എസ്എസ് പ്രവര്‍ത്തകനു ഗുരുതര പരിക്ക്

നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതാണെന്ന സംശയം ശക്തമാണ്

ക്ഷേത്രത്തിനുള്ളില്‍ സ്‌ഫോടനം; ആര്‍എസ്എസ് പ്രവര്‍ത്തകനു ഗുരുതര പരിക്ക്
X

മലപ്പുറം: കൊളത്തൂരിനു സമീപം ക്ഷേത്രത്തിനുള്ളിലുണ്ടായ ദുരൂഹമായ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പടിയിലെ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിനുള്ളിലാണ് തിങ്കളാഴ്ച ഉച്ചയോടെ ഉഗ്ര സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമ്പലപ്പറമ്പ് സ്വദേശി രാമദാസിനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതാണെന്ന സംശയം ശക്തമാണ്. 40 ശതമാനം പൊള്ളലേറ്റ രാമദാസ് അപകടനില തരണം ചെയ്തിട്ടില്ല. ഇടിമിന്നലുണ്ടായ സമയമായതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഗൗനിച്ചിരുന്നില്ല. പിന്നീടാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമദാസിനെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചതും ബോംബ് സ്‌ഫോടനമാണെന്ന സംശയം ബലപ്പെട്ടതും. പോലിസാവട്ടെ ഇത്തരമൊരു സംഭവം അറിഞ്ഞതായി പോലും പ്രതികരിച്ചിട്ടില്ല. വിളക്കില്‍നിന്നു പൊള്ളലേറ്റതാണെന്ന വിധത്തിലാണ് പോലിസ് നിലപാട്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ മൂര്‍ക്കനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നാസര്‍ കൊളത്തൂര്‍, അബ്ബാസ്, അബ്ദു, സൈനുദ്ദീന്‍ നേതൃത്വം നല്‍കി.

മലപ്പുറം ജില്ലയില്‍ ഈയിടെ നിരവധി ദുരൂഹ സ്‌ഫോടനങ്ങളും ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടാവുകയും ചെയ്തിരുന്നു. കുറ്റിപ്പുറം നൊട്ട നാലുക്കല്‍ അമ്പലത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നായിരുന്നു വാദം. പൂക്കാട്ടിരി അമ്പലത്തില്‍ വെല്‍ഡിങിനിടെയുണ്ടായ സ്‌ഫോടനത്തിലും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കൊളത്തൂര്‍ അമ്പലത്തിലുണ്ടായ തീപിടിത്തതിലും ഒരു ബിജെപി പ്രവര്‍ത്തകനു പരിക്കേറ്റിരുന്നു. ഇത്തരത്തില്‍ ദുരൂഹമായ അപകടങ്ങള്‍ നടന്നിട്ടും പതിവുപോലെ, അമ്പലപ്പടിയിലെ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിനുള്ളിലെ സ്‌ഫോടനത്തിലും പോലിസ് വേണ്ടത്ര ഗൗരവത്തില്‍ അന്വേഷണം നടത്തുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.



Next Story

RELATED STORIES

Share it