Kerala

നികുതിവെട്ടിപ്പിലെ ജപ്തി നോട്ടീസ് മറച്ചുവെച്ചു; കളമശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയേക്കും

നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടണി സമയത്ത് പുറത്തായത്.

നികുതിവെട്ടിപ്പിലെ ജപ്തി നോട്ടീസ് മറച്ചുവെച്ചു; കളമശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയേക്കും
X

കൊച്ചി: കളമശേരി നഗരസഭയിലെ 27ആം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് പ്രതിസന്ധിയില്‍. പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ചില രേഖകളില്‍ വസ്തുത മറച്ച് വെച്ചുവെന്നാണ് ആക്ഷേപം. പത്രിക തള്ളിയാല്‍ ബിജെപിക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയില്ലാതാകും. അതുകൊണ്ടുതന്നെ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ട് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കരയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലിയാണ് കളമശേരി നഗരസഭയില്‍ വിവാദം കടുക്കുന്നത്. നഗരസഭയുടെ 27 ആം വാര്‍ഡിലാണ് പ്രമോദ് മത്സരിക്കാനായി പത്രിക നല്‍കിയത്. എന്നാല്‍ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ ചില പിശകുകള്‍ കടന്നുകൂടിയതാണ് പത്രിക സ്വീകരിക്കാന്‍ തടസമായത്. നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടണി സമയത്ത് പുറത്തായത്.

ഇതിന് പുറമെ സ്വന്തമായുണ്ടായ വാഹനം ഗതാഗത വകുപ്പ് അറിയാതെ പൊളിച്ചു വില്‍ക്കുകയും, രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിന്നതും പ്രമോദിന് വിനയായി. നേരത്ത മണ്ഡലം സെക്രട്ടറിയായ പ്രമോദ്, വിജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥിയായതിനാല്‍ മറ്റാരെക്കൊണ്ടും ഡമ്മി പത്രിക സമര്‍പ്പിക്കാന്‍ പ്രമോദ് തൃക്കാക്കര തയാറായിരുന്നില്ല. ഡമ്മി പത്രിക സമര്‍പ്പിക്കാത്തതില്‍ ബിജെപി നേതൃത്വത്തിന് തന്നെ കടുത്ത പ്രതിഷേധമുണ്ടെന്ന് സൂചനയുണ്ട്. ബിജെപി ജില്ലാകമ്മറ്റി നഗരസഭയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന വാര്‍ഡ് കൂടിയായിരുന്നു ഇത്.

കൂടാതെ കഴിഞ്ഞ തവണ സിപിഎമ്മിനെ പിന്തള്ളി ബിജെപി രണ്ടാമതെത്തിയ വാര്‍ഡുമാണ് ഇത്. അതിനിടെ പത്രിക സ്വീകരിക്കാന്‍ ചില ഉന്നത ബിജെപി നേതാക്കള്‍ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. അതിനിടെ എല്‍ഡിഎഫിലും കളമശേരി നഗരസഭയിലെ 27ആം വാര്‍ഡിലെ കാര്യങ്ങള്‍ ശുഭകരമല്ല. കഴിഞ്ഞ തവണ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഈ വാര്‍ഡില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ഇവരുടെ ഭർത്താവാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഇതില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണ്.


Next Story

RELATED STORIES

Share it