നിലപാടിലുറച്ച് സര്‍ക്കാര്‍; മുനയൊടിഞ്ഞ് ബിജെപി സമരം

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുജനത്തിന്റെ സംശയം. സമരം പരാജയപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിലയിരുത്തലുണ്ട്. മുന്‍നിര നേതാക്കളില്‍ നിന്നുപോലും സമരത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഈ ഘട്ടത്തില്‍, സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് അറിയാതെ വിയര്‍ക്കുകയാണ് നേതൃത്വം.

നിലപാടിലുറച്ച് സര്‍ക്കാര്‍;  മുനയൊടിഞ്ഞ് ബിജെപി സമരം

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആചാരലംഘനം തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരം പ്രഹസനമാവുന്നു. മകരവിളക്ക് സീസണ്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സര്‍ക്കാര്‍ സമരത്തെ ഗൗനിക്കുന്നില്ലെന്നു മാത്രമല്ല, നിയന്ത്രണങ്ങള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുകയുമാണ്. എല്ലാ എതിര്‍പ്പുകളേയും മറികടന്ന് യുവതികള്‍ പ്രവേശനം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുജനത്തിന്റെ സംശയം.സമരം പരാജയപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിലയിരുത്തലുണ്ട്. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളില്‍ നിന്നുപോലും സമരത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഈ ഘട്ടത്തില്‍, വലിയ ആഘോഷപൂര്‍വം തുടങ്ങിയ സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് അറിയാതെ വിയര്‍ക്കുകയാണ് നേതൃത്വം. വലിയ ജനപിന്തുണ ഉറപ്പാക്കി ശബരിമല വികാരം വരുന്ന തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍, സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പ്രവര്‍ത്തകരും നേതാക്കളും സമരപന്തലിനെ കൈയ്യൊഴിഞ്ഞു. പേരിനുവേണ്ടി ചിലരെത്തുന്നത് ഒഴിച്ചാല്‍, സമരപന്തലിലേക്ക് അധികമാരും തിരിഞ്ഞു നോക്കുന്നില്ലെന്നതാണ് വസ്തുത.

സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍പോലും നിലപാടില്‍ അയവ് വരുത്താതിരുന്നതോടെ സമരത്തിന്റെ മുനയൊടിഞ്ഞു. ശബരിമല യുവതി പ്രവേശനത്തിലെ പുനപരിശോധന ഹരജികള്‍ പരിഗണിക്കുന്ന 22 വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണയെന്നാണ് സൂചന. ശബരിമലയിലെ ബിജെപിയുടെ സമരം അക്രമത്തിലേക്ക് വഴിമാറിയതോടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന്് കഴിഞ്ഞമാസം മൂന്നിനാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചത്. ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപി വേണ്ടെന്ന ആര്‍എസ്എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്.

പാര്‍ട്ടിയിലെ തീപ്പൊരി നേതാവും സംസ്ഥാന ജന.സെക്രട്ടറിയുമായ എ എന്‍ രാധാകൃഷ്ണനാണ് നിരാഹാരത്തിന് തുടക്കമിട്ടത്. ഇദ്ദേഹം ക്ഷീണിതനായതോടെ ദേശീയ കൗണ്‍സിലംഗം സി കെ പത്മനാഭന്‍, സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവരും നിരാഹാരം അനുഷ്ടിച്ചു. ഇവര്‍ക്കു പിന്നാലെ നിരാഹാരമിരിക്കാന്‍ മുന്‍നിര നേതാക്കളെ ലഭിക്കാതെ വന്നതോടെ രണ്ടാംനിരയെ രംഗത്തിറക്കി. എന്‍ ശിവരാജന്‍, പി എം വേലായുധന്‍ എന്നിവരാണ് തുടര്‍ന്ന് നിരാഹാരം ഇരുന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയാണ് ഇപ്പോള്‍ സമരമുഖത്തുള്ളത്.

ജയില്‍വാസം കഴിഞ്ഞിറങ്ങിയ കെ സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹവും ആ വഴിക്കെത്തിയില്ല. സമരപന്തലിലെത്തിയെങ്കിലും എം ടി രമേശ്, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും നിരാഹാരത്തോട് മുഖം തിരിച്ചു. വി മുരളീധരന്‍ എംപിയും സമരപന്തലില്‍ പിന്തുണയുമായെത്തിയെങ്കിലും മുരളീധര പക്ഷത്തുള്ളവര്‍ സമരവുമായി അകന്നുനിന്നു.

RELATED STORIES

Share it
Top