Kerala

ഫ്രാങ്കോ പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചു; നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍

ഫ്രാങ്കോ പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചു; നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍
X

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനെന്ന വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. പോലിസുകാരില്‍നിന്നും പ്രോസിക്യൂഷനില്‍നിന്നും ലഭിച്ച നീതി ജുഡീഷ്യറിയില്‍നിന്ന് ലഭിച്ചില്ല. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ തീര്‍ച്ചയായും പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്നാണ് ഈ വിധിയിലൂടെ മനസ്സിലായത്.

'മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടും. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുളളയാളാണ്. അതിന്റെ പുറമേയാണ് ഇതെല്ലാം സംഭവിച്ചത്. കേസില്‍ കൂടെനിന്നവര്‍ക്ക് നന്ദി പറയുന്നു. തുടര്‍ന്നും കേസില്‍ ശക്തിപ്പെടുത്താനും ഒപ്പമുണ്ടാവണം. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല, വിധി വിശ്വസിക്കുന്നില്ല. പോലിസും പ്രോസിക്യൂഷനും കേസിനെ നല്ല രീതിയില്‍ കാണുകയും തെളിവുകളും നല്‍കിയിരുന്നു. എന്നിട്ടും എന്ത് സംഭവിച്ചെന്നറിയില്ല. അന്വേഷണ സംഘത്തെ വിശ്വാസമുണ്ട്. സഭയ്ക്കുളളില്‍ പണ്ടും ഇപ്പോഴും തങ്ങള്‍ സുരക്ഷിതരല്ല. മരിക്കാനും തയ്യാറായാണ് നില്‍ക്കുന്നത്.

എന്നാല്‍, പുറത്ത് പോലിസ് നല്ല രീതിയില്‍ സംരക്ഷണം നല്‍കി. മൊഴികളെല്ലാം അനുകൂലമാണ്. സാധാരണക്കാരായ മനുഷ്യര്‍ എന്തുവന്നാലും മിണ്ടാതിരിക്കുകയും കേസിന് പോവാതിരിക്കുകയും ചെയ്യാതിരിക്കണമെന്നാണ് ഈ വിധിയില്‍നിന്ന് മനസ്സിലാവുന്നത്. കേസിന്റെ വാദം നടക്കുന്നതുവരെ ഒരട്ടിമറിയുമുണ്ടായിട്ടില്ല. അതിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാല്‍സംഗക്കേസിലെ വിധി ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. കോടതിക്കു സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിരുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ കോടതിയിലെത്തി പരിശോധന നടത്തി. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Next Story

RELATED STORIES

Share it