Kerala

യോഗ്യതയുള്ളവർ പുറത്ത്; പാർട്ടി നോമിനികൾ അകത്ത്

യോഗ്യതയുള്ള 250 പേരെ തഴഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയമനം നടത്തിയത് അടുത്തിടെ വിവാദമായിരുന്നു.

യോഗ്യതയുള്ളവർ പുറത്ത്; പാർട്ടി നോമിനികൾ അകത്ത്
X

2016ലാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടാനും തീരുമാനമുണ്ടായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപവത്കരിച്ചത്. റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്ന കാര്യം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആശയമായിരുന്നു. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ അഴിമതി ഇല്ലാതാക്കാന്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന നിലപാടിലായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍. അത് തന്നെയാണ് പുതിയ തീരുമാനത്തിന് കാരണമായി മന്ത്രി ചൂണ്ടികാട്ടിയതും.

എന്നാല്‍ ആ സമയത്ത് അധികാരമൊഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് രൂപം നല്‍കുകയായിരുന്നു. അധ്യക്ഷനും അഞ്ച് അംഗങ്ങളുമുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് 2015ലാണ് നിലവില്‍വന്നത്. തിരുവിതാംകൂര്‍ ദേവസ്വം നിയമനങ്ങളിലെ അഴിമതി സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിന് 2007ല്‍ കേരള ഹൈക്കോടതി മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നുവെന്നായിരുന്നു മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണന്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. നിയമനങ്ങള്‍ അഴിമതിരഹിതമാക്കാന്‍ ഒരു സ്വതന്ത്ര ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നതും ഈ സമിതിയുടെ ശുപാര്‍ശയായിരുന്നു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2014-ലാണ് ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് രൂപം നല്‍കിയത്. 2015ല്‍ ദേവസ്വം ഓര്‍ഡിനന്‍സ് നിയമമായി മാറി.

എന്നാല്‍, അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് രൂപവത്കരിച്ചതെന്ന നിലപാടിലായിരുന്നു പിണറായി സര്‍ക്കാര്‍. പി എസ് സിയിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാനുള്ള ജോലി മാത്രമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനുള്ളതെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായവും. എന്നാല്‍ ആ അഴിമതി വിമുക്തനിയമനം നടന്നത് മനസിലാക്കാന്‍ താഴെ പറയുന്ന സംഭവങ്ങള്‍ വായിച്ചാല്‍ മതിയാവും. യോഗ്യതയുള്ള 250 പേരെ തഴഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയമനം നടത്തിയത് അടുത്തിടെ വിവാദമായിരുന്നു. തൃശൂര്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം ടി കെ വാസുവിന്റെ ഭാര്യ ഇങ്ങനെ നിയമനം നേടിയതെന്നു ചൂണ്ടിക്കാട്ടി മന്ത്രി എം എം മണിയുടെ ബന്ധുവും സിപിഎം കുടുംബാംഗവുമായ അജി കെ എം എന്ന വ്യക്തി തന്നെയാണ് രംഗത്തെത്തിയത്. അധിക യോഗ്യതകള്‍ ഏറെയുള്ള തന്നെപ്പോലുള്ളവരെ മറികടന്നാണ് 2017ല്‍ മാത്രം എംഎ കഴിഞ്ഞ, അധ്യാപക പരിചയം പോലുമില്ലാതെ ഒരാളെ നിയമിച്ചതെന്ന് ഇദ്ദേഹം ആരോപിച്ചു. കോട്ടയത്ത് 57 കൊല്ലമായി പാര്‍ട്ടി അംഗത്വമുള്ള അച്ഛന്റെ മകനും സിപിഎം രക്തസാക്ഷിയുടെ കുടുംബാംഗവുമായ തന്നോട് ഇതാണ് ചെയ്യുന്നതെങ്കില്‍ ബാക്കിയുള്ളവരോട് പാര്‍ട്ടി ചെയ്യുന്ന നെറികേട് എന്തായിരിക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അക്കാദമിക യോഗ്യത പ്രകാരം അപേക്ഷകരില്‍ 250 പേരിലും താഴെ മാത്രം യോഗ്യതയുള്ള ആളെയാണ് നിയമിച്ചത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വ്യാജമാണെന്നും അജി ആരോപിക്കുന്നു. ഇതിനു മുമ്പ് നടന്ന നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സിപിഎം നോമിനി മോഹന്‍ദാസാണ്. തൃശൂര്‍ സിപിഎം ജില്ലാ കമ്മറ്റി അംഗം നേരിട്ട് യാതൊരു യോഗ്യതയുമില്ലാത്ത ഭാര്യയ്ക്കു വേണ്ടി നടത്തിയ ഇടപെടലാണ് ഈ അഴിമതിക്ക് കാരണമായത്. ആനുകൂല്യമോ ഔദാര്യമോ ഇടതുപക്ഷ നീതിയോ കാണിച്ചില്ലെങ്കിലും സാമാന്യ മര്യാദപോലും പൊതുജനത്തിന് നൽകാത്ത വിധം സിപിഎമ്മിന്റെ പേരില്‍ അഴിമതി നടക്കുകയാണെന്ന് പറയുന്ന അജിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിലെ അനധികൃത നിയമനവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടെയും പാര്‍ട്ടിക്കാരെ തിരുകികയറ്റുന്ന രീതിക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. 2018ല്‍ ഡിസംബറില്‍ ഇത്തരം അനധികൃത നിയമനം കണ്ടെത്തിയത് ഹൈക്കോടതി തന്നെയാണെന്നതാണ് ശ്രദ്ധേയം. നാല് കണ്ണൂര്‍, മലപ്പുറം സ്വദേശികളെ പ്രാദേശിക സംവരണം ചട്ടം മറികടന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായി നിയമിച്ചതാണ് അന്ന് പുറത്തായത്. നിയമനം നല്‍കിയത് സിപിഎം പ്രവര്‍ത്തകര്‍ക്കാണെന്ന പരാതിയിലാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നിയമ ലംഘനം കണ്ടെത്തിയത്. 2018 ജൂണില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് നാല് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനങ്ങളിലാണ് നഗ്നമായ നിയമ ലംഘനം നടന്നത്. 1950 ലെ തിരുവതാംകൂര്‍-കൊച്ചി ഹിന്ദുമത നിയമപ്രകാരം നിയമനം നല്‍കേണ്ടത് പഴയ തിരുവതാംകൂര്‍ ദേശത്തെ താമസക്കാര്‍ക്കാണ്. നിയമനവ്യവസ്ഥകളില്‍ ഇത് പ്രത്യേകം പറയുന്നുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ പട്ടികയിലെ സി പി ശ്രീപദ്, ജസീന എന്നിവര്‍ കണ്ണൂര്‍ സ്വദേശികളും എം പി ശ്രുതി മലപ്പുറം സ്വദേശിയുമാണ്. ഓവര്‍സിയറായി നിയമിതനായ അതുല്‍ എസ് അശോക് കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്. എല്ലാവരും സിപിഎമ്മുകാരുമായിരുന്നു.

Next Story

RELATED STORIES

Share it