Top

തുടര്‍ക്കഥയാവുന്ന മന്ത്രിമാരുടെ സ്വജനപക്ഷപാതം

ഏതാനും ഐഎഎസുകാര്‍ ഒഴിച്ചാല്‍, മിക്ക പൊതുമേഖലകളുടെയും മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, സിഇഒ തസ്തികകളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ ബന്ധുക്കളുണ്ട്.

തുടര്‍ക്കഥയാവുന്ന മന്ത്രിമാരുടെ സ്വജനപക്ഷപാതം

സംസ്ഥാനത്ത് ഏറ്റവും വലിയ ബന്ധുനിയമനങ്ങള്‍ നടക്കുന്നത് വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ്. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ഇ പി ജയരാജന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രിപദവി രാജിവെക്കേണ്ടി വന്നിരുന്നു. ഇത്തരം സംഭവം മുന്നില്‍ നിന്നിട്ടും മന്ത്രിമാരുടെ സ്വജന പക്ഷപാതത്തിന് യാതൊരു കുറവും വന്നിട്ടില്ല. ഏതാനും ഐഎഎസുകാര്‍ ഒഴിച്ചാല്‍, മിക്ക പൊതുമേഖലകളുടെയും മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, സിഇഒ തസ്തികകളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ ബന്ധുക്കളുണ്ട്. നിയമനം പിഎസ്‌സിക്കു വിടാത്ത തസ്തിക ആയതിനാല്‍ സര്‍ക്കാരിനു താല്‍പര്യമുള്ളവര്‍ക്കു നിയമനം നല്‍കാം എന്നതാണ് പൊതുമേഖലകളുടെ പ്രത്യേകത.

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനെ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എനര്‍ജി മാനേജ്മെന്റിലാണ് നിയമിച്ചത്. ബിടെക് എന്‍ജിനീയറായ അനൂപ് സുരേന്ദ്രനെ മന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന എനര്‍ജി മാനേജ്മെന്റില്‍ എനര്‍ജി ടെക്നോളജിസ്റ്റ് ബി ഗ്രേഡില്‍ നിയമിക്കുകയായിരുന്നു. എനര്‍ജി മാനേജ്മെന്റെ സെന്ററിലെ പ്രസ്തുത ജോലിക്ക് 31000- 83000 രൂപ വരെയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിച്ച അനുഭവസമ്പന്നരെ പിന്തള്ളിയാണ് മന്ത്രിപുത്രന് അവസരം ഒരുക്കിയത് എന്നതാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന വാദം. ബിടെക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഈ തസ്തികയിലേക്ക് വേണ്ടിയിരുന്നത്. രണ്ട് ഒഴിവുകളിലേക്കായി എംടെക് യോഗ്യത ഉള്ളവര്‍ പോലും അപേക്ഷിച്ചിരുന്നതായാണ് വിവരം. എന്നിട്ടും മന്ത്രിപുത്രന് നിയമനം ലഭിക്കാന്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഊര്‍ജ്ജ വകുപ്പ് സ്ഥാപനത്തിലെ നിയമനങ്ങളെല്ലാ പി എസ് സിക്ക് വിട്ടുകൊണ്ട് നേരത്തെ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനിടെയാണ് അനൂപിനെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ജോലിയില്‍ തിരുകി കയറ്റിയത്. പി എസ് സി നിയമനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സ്ഥിരം നിയമനം വന്നാല്‍ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തേണ്ടത്. അതുണ്ടാകാത്തതും വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഒരു വര്‍ഷത്തേക്ക് മാത്രമാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, ഇനവിടെ നിയമന കാര്യത്തില്‍ അഞ്ച് വര്‍ഷത്തേക്കെന്ന മാനദണ്ഡമാണ് വെച്ചിരിക്കുന്നത്. ഒരു വര്‍ഷം പ്രൊബേഷന്‍ എന്നു വ്യക്തമാക്കിയിരിക്കുന്നു. അതേസമയം അഞ്ച് വര്‍ഷത്തേക്കുള്ള നിയമനമായി പരിഗണിച്ചത് ഭാവിയില്‍ ജോലി സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എന്നതാണ് ഉയരുന്ന പരാതി. അഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന ആള്‍ക്ക് സ്ഥിര നിയമനത്തിന് യോഗ്യതയും ഉണ്ടാകും. ഇതിലൂടെ സര്‍ക്കാര്‍ ജോലി വളഞ്ഞ വഴിയില്‍ പോക്കറ്റിലാക്കുകയാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

എനര്‍ജി മാനേജ്മെന്റ് സെന്ററിലെ ജോലി നിയമനത്തിനായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം ഇടനിലനിന്നു കൊണ്ടാണ് നിയമന പ്രക്രിയ നടത്തിയത്. സിഎംഡിക്ക് നിയമനം നടത്താനുള്ള അധികാരം ഇല്ലെന്നും പരാതി ഉയരുന്നു. പി എസ് സിയില്‍ പ്രതീക്ഷ അര്‍പ്പിച്ചു ആയിരിക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിലകൊള്ളുമ്പോഴാണ് ഈ നിയമന തട്ടിപ്പു നടത്തിയിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവര്‍ പിന്തള്ളപ്പെട്ടു പോയെന്നും ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. സിപിഎം നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരെ കിഫ്ബി, കിന്‍ഫ്ര, ഇഎംസി, കെഎസ്ഡിപി, വിഴിഞ്ഞം പോര്‍ട്ട്, കെഎഎസ്ഇ തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിവുള്ള അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്കാണ് ഇതിലൂടെ നഷ്ടം സംഭവിക്കുന്നത്. താല്‍ക്കാലികമായി ജോലിയില്‍ കയറിക്കൂടി പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവായി രാഷ്ട്രീബന്ധമുള്ളവര്‍ ചെയ്യുന്നത്. പല വകുപ്പുകളിലും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ ഒന്നുമാത്രമാണ് എന്‍ര്‍ജി മാനേജ്മെന്റ് സെന്ററില്‍ നടന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

മറ്റ് ബന്ധുനിയമനങ്ങള്‍ (അവലംബം: മലയാള മനോരമ)

എസ് ആര്‍ വിനയകുമാര്‍

മാനേജിങ് ഡയറക്ടര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍.

സൂരജ് രവീന്ദ്രന്‍

മാനേജിങ് ഡയറക്ടര്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കൊച്ചുമകന്‍

ജീവ ആനന്ദ്

മാനേജിങ് ഡയറക്ടര്‍, കിന്‍ഫ്ര, അപ്പാരല്‍ പാര്‍ക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍.

ടി ഉണ്ണിക്കൃഷ്ണന്‍

ജനറല്‍ മാനേജര്‍, കിന്‍ഫ്ര. സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍.

എം ഡി ജോസ്‌മോന്‍

ജനറല്‍ മാനേജര്‍, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍. സിപിഎം നേതാവ് എം എം ലോറന്‍സിന്റെ ബന്ധു.

ശരത് വി രാജ്

സിഇഒ, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ ഡവലപ്‌മെന്റ്. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജന്റെ മകന്‍.

വിജയകുമാരന്‍ പിള്ള

മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്. സിപിഎമ്മിന്റെ ഗസറ്റഡ് ഓഫിസര്‍മാരുടെ സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവ്. വിരമിച്ച ഉടന്‍ പുനര്‍നിയമനം നല്‍കി. യോഗ്യതയെക്കുറിച്ചു പരാതി ഉയര്‍ന്നതിനാല്‍ നിയമന ഉത്തരവ് നല്‍കിയിട്ടില്ല.

പ്രസാദ് മാത്യു

മാനേജിങ് ഡയറക്ടര്‍, ട്രാക്കോ കേബിള്‍ കമ്പനി. കെഎസ്ഇബിയിലെ ഇടതു യൂണിയന്‍ നേതാവ്.

(തുടരും)

Next Story

RELATED STORIES

Share it