Kerala

ബാബരി വിധി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം- അൽ ഹാദി അസോസിയേഷൻ

പൊതുജനങ്ങളുടെ അവസാന ആശ്രയമായ കോടതികൾ പക്ഷം ചേരുന്നതും തെളിവുകളെയും വസ്തുതകളെയും അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിധി പറയുന്നതും ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയെയാണ് സൂചിപ്പിക്കുന്നത്.

ബാബരി വിധി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം- അൽ ഹാദി അസോസിയേഷൻ
X

തിരുവനന്തപുരം: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിചിത്രവിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ യശസ്സിന് തീരാകളങ്കമാണ് വരുത്തിയതെന്ന് അൽ ഹാദി അസോസിയേഷൻ അഭിപ്രായപ്പെട്ടു.

കേസിന്റെ വിചാരണ കാലഘട്ടത്തിലൊക്കെയും ജഡ്ജിമാരുടെ അനാവശ്യമായ ഇടപെടലുകളും തടസ്സ വാദങ്ങളും ഒരു അട്ടിമറിക്കുള്ള സാധ്യത നൽകിയിരുന്നു. ഭൂമിയുടെ അവകാശത്തിനായി കേസുകൾ നടത്തുന്ന കക്ഷികളായ നിർമോഹി അഖാഡയെയും സുന്നി വഖഫ് ബോർഡിനെയും മാറ്റി നിർത്തി ഒരു സാങ്കല്പിക കക്ഷിക്കാരനായി അവതരിപ്പിക്കപ്പെട്ട രാം ലല്ലക്ക് (രാമ വിഗ്രഹത്തിന്) ഭൂമിയുടെ അവകാശം വിധിച്ചു നൽകിയത് അങ്ങേയറ്റം വിചിത്രവും വസ്തുതകൾക്ക് നിരക്കാത്തതും കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതുമാണ്.

പൊതുജനങ്ങളുടെ അവസാന ആശ്രയമായ കോടതികൾ പക്ഷം ചേരുന്നതും തെളിവുകളെയും വസ്തുതകളെയും അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിധി പറയുന്നതും ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയെയാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രം പൊളിച്ചല്ല പള്ളി പണിഞ്ഞതെന്നും പള്ളിയുടെ അടിയിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ കെട്ടിടാവശിഷ്ടങ്ങൾ ക്ഷേത്രത്തിന്റെതാണെന്ന് പറയാനാവില്ലെന്നും 1949ൽ വിഗ്രഹം പള്ളിക്കകത്ത് സ്ഥാപിച്ചതും 1992ൽ പളളി പൊളിച്ചതും കടുത്ത നിയമ ലംഘനമാണെന്നും പറഞ്ഞുവെച്ച കോടതി പിന്നെ ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് പുരയിടം ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാൻ വിധിച്ചതെന്ന് അറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്.

മതേതര ജനാധിപത്യ ഇന്ത്യ എന്ന് ഭരണഘടന ആവർത്തിക്കുമ്പോഴും ഇതൊരു ഹിന്ദു രാഷ്ട്രമാണെന്ന് പരസ്യമായി പറഞ്ഞു നടക്കുന്ന മോഹൻ ഭഗവതിനെ തളയ്ക്കാനാകാത്ത നിയമ സംവിധാനങ്ങൾ ആർക്കു വേണ്ടിയാണ് നില കൊള്ളുന്നത്. ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൗരന്റെ അവകാശങ്ങൾ കവരുന്ന കരിനിയമങ്ങൾ ചുട്ടെടുത്തും പ്രതികരണ ശേഷിയെ നിശബ്ദമാക്കാനുളള ശ്രമങ്ങളെ ഭരണഘടനക്കകത്തു നിന്ന് തന്നെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് കഴിയണം. അതിനായി ജനാധിപത്യത്തിന്റെ വിജയത്തിനായി യത്നിക്കുന്ന മുഴുവൻ സംഘടനകളും വ്യക്തികളും ഒന്നിച്ചു നീങ്ങണമെന്നും തെറ്റായ കോടതി വിധികൾ തിരുത്തിക്കാൻ നിയമപരമായ പോരാട്ടങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കണമെന്നും അൽ ഹാദി അസോസിയേഷൻ ആഹ്വാനം ചെയ്തു.

പൂന്തുറയിൽ കൂടിയ അടിയന്തര പ്രവർത്തക സമിതിയിൽ പ്രസിഡന്റ് കരമന അഷ്റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ കെ സൈനുദ്ദീൻ ബാഖവി, ആബിദ് മൗലവി, മാഹീൻ ഹസ്രത്ത്, ഹാഫിസ് അൽ അമീൻ മൗലവി, അർഷദ് നദ്‌വി, നുജുമുദ്ദീൻ മൗലവി, ഷഫീർ മൗലവി, അബ്ദുൽ ഹാദി മൗലവി, ഇല്യാസ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it