Sub Lead

രാഹുല്‍ വയനാട്ടില്‍; പ്രഖ്യാപനം ഉടന്‍, ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയാണ്. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയാ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

രാഹുല്‍ വയനാട്ടില്‍; പ്രഖ്യാപനം ഉടന്‍, ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയാണ്. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയാ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നും മല്‍സരിക്കുന്ന വാര്‍ത്ത തള്ളാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തയ്യാറായില്ല. വയനാട്ടില്‍നിന്നും രാഹുല്‍ മല്‍സരിക്കണമെന്ന ആവശ്യം കെപിസിസിയും നേതാക്കളും മുന്നോട്ടുവച്ചെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമേത്തി രാഹുലിന്റെ കര്‍മഭൂമിയാണ്. നിലവില്‍ അവിടെ നിന്നും മാത്രമാണ് മല്‍സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും കെപിസിസിയുടെയും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിട്ടില്ല. ആ അവശ്യം സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നു. തീരുമാനം അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇനിയുമുണ്ടാവേണ്ടതുണ്ടെന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. അടുത്തിടെ കേരളത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോഴാണ് കെപിസിസി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ മല്‍സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംയുക്തമായി ഹൈക്കമാന്റിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചതായി മാധ്യമങ്ങളെ അറിയിച്ചത്.

ടി സിദ്ദീഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്നും ടി സിദ്ദീഖുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണസമ്മതമറിയിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എഐസിസി നേതൃത്വത്തിന്റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍നിന്ന് മല്‍സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ താന്‍ സന്തോഷത്തോടെ പിന്‍മാറുകയാണെന്ന് വയനാട്ടില്‍ പ്രചാരണരംഗത്തുള്ള ടി സിദ്ദീഖും പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും അദ്ദേഹം അറിയിച്ചുകഴിഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ നാളെ വിശദീകരിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

Next Story

RELATED STORIES

Share it