Kerala

മെഡിക്കൽ ഷോപ്പുടമയെ മർദ്ദിച്ച കഴക്കൂട്ടം എസ്ഐക്കെതിരെ നടപടി

മാസ്‌ക് ധരിക്കാത്തതിന് കടയുടമയെ ശാസിച്ചതാണെന്ന് എസ്ഐ ന്യായീകരിച്ചെങ്കിലും കൈയേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് എസ്ഐയ്‌ക്കെതിരെ നടപടി.

X

തിരുവനന്തപുരം: വൈകീട്ട് ഏഴായിട്ടും കടയടച്ചില്ലേയെന്ന് ആക്രോശിച്ച് മെഡിക്കൽ സ്റ്റോറിൽ കയറി ഉടമയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കഴക്കൂട്ടം എസ്ഐക്കെതിരെ നടപടി. എസ്ഐ സന്തോഷ്‌കുമാറിനെ ക്രമസമാധാന ചുമതല ഒഴിവാക്കി സിറ്റി കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റി. എസ്ഐക്കെതിരെ വിശദമായ അന്വേഷണത്തിന് സിറ്റി പോലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഉത്തരവിട്ടു. മാസ്‌ക് ധരിക്കാത്തതിന് കടയുടമയെ ശാസിച്ചതാണെന്ന് എസ്ഐ ന്യായീകരിച്ചെങ്കിലും കൈയേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് എസ്ഐയ്‌ക്കെതിരെ നടപടി.

സമ്പൂർണ ലോക്ക് ഡൗണായിരുന്ന ഞായറാഴ്ച വൈകിട്ട് ഏഴിന് കഴക്കൂട്ടം മേനംകുളത്തെ ജനസേവ മെഡിക്കൽ സ്റ്റോറിലായിരുന്നു എസ്ഐ സന്തോഷ്‌കുമാറിന്റെ വിളയാട്ടം. കടയ്ക്ക് മുന്നിൽ ജീപ്പ് നിർത്തിയ എസ്ഐ കടയുടമ ശ്രീലാലിനെ പുറത്തേക്ക് വിളിച്ചു. മരുന്നുവാങ്ങാൻ ഒരാളുണ്ടായിരുന്നതിനാൽ കടയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ശ്രീലാൽ കാര്യമെന്താണെന്ന് തിരക്കി. ഇതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്. ജീപ്പിൽ നിന്നിറങ്ങി എസ്ഐ പ്രകോപിതനായി കടയിലേക്ക് ഓടിക്കയറി. കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മെഡിക്കൽ ഷോപ്പ് അവശ്യ സർവീസാണെന്നും കൂടുതൽ സമയം പ്രവർത്തിക്കാമെന്നും പറഞ്ഞ തന്നെ എസ്ഐ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന് ശ്രീലാൽ ഡി.ജി.പിക്ക് പരാതി നൽകി. മരുന്നു വാങ്ങാനെത്തിയ ആളുടെ മുന്നിൽ വച്ചായിരുന്നു എസ്ഐയുടെ പരാക്രമം. വിവാദമായപ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്ന ന്യായീകരണവുമായി എസ്ഐ രംഗത്തെത്തിയത്. എന്നാൽ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും എസ്ഐയുടെ വാദം കള്ളമാണെന്ന് തെളിഞ്ഞു.

Next Story

RELATED STORIES

Share it