Kerala

യുവാവിനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

1,80,000 രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയയാളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലിസ് അറിയിച്ചു.

യുവാവിനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: ഇരിട്ടിയില്‍ യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളായ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശിവപുരത്തെ മുരിക്കിന്‍ സി പ്രവീണ്‍(27), ആയിത്തറ മമ്പറം വടക്കേക്കരമ്മല്‍ ഷിബിന്‍രാജ്(24), ശിവപുരം നന്ദനത്തിലെ പി പി ജനീഷ്(30), ശിവപുരം ലിജിന്‍ നിവാസിലെ എം ലിജിന്‍(26), തില്ലങ്കേരി പടിക്കച്ചാലിലെ പി പി ലിജിത്ത്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പി പി ലിജിത്ത് രണ്ട് കാപ്പ കേസുകളില്‍ അടക്കം ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളിലായി 16 കേസുകളില്‍ പ്രതിയാണെന്ന് അന്വേഷകസംഘം അറിയിച്ചു. ഇതില്‍ പല കേസുകളും വിചാരണ ഘട്ടത്തിലാണ്. ലിജിത്തുള്‍പ്പെടെ പിടയിലായ അഞ്ച് പേരില്‍ മിക്കവരുടെയും പേരില്‍ ബോംബ് കേസുകളുമുണ്ട്.

കഴിഞ്ഞമാസം 11ന് ഉളിക്കല്‍ സ്വദേശിയും ഇന്റീരിയര്‍ ഡിസൈന്‍ ജോലിക്കാരനുമായ ഷൈമോനെ ജോലിയുണ്ടെന്ന് പറഞ്ഞ് എടക്കാനത്തേക്ക് വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. 1,80,000 രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയയാളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലിസ് അറിയിച്ചു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തെ മറ്റൊരാള്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടപ്പാക്കാനാണ് ഇന്റീരിയര്‍ ജോലിയുണ്ടെന്നറിയിച്ച് ഷൈമോനെ എടക്കാനത്തെത്തിച്ചത്. വിജനമായ സ്ഥലത്തെത്തിച്ച് ഷൈമോനെ സംഘം കമ്പികൊണ്ടടിച്ച് കാലൊടിച്ചു. കാലൊടിഞ്ഞ് നിലത്തുവീണ ഷൈമോന്റെ കാലില്‍ കൂടി പ്രതികള്‍ തങ്ങളുടെ വെള്ള മാരുതി ആള്‍ട്ടോ കാര്‍ കയറ്റി കാല്‍ തകര്‍ക്കുകയായിരുന്നു. ഷൈമോന്റെ പക്കലുണ്ടായിരുന്ന ഒന്നരപവന്‍ സ്വര്‍ണമാലയും 28000 രൂപയും രണ്ട് മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് സ്ഥലം വിടുകയായിരുന്നു.

കേസില്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ അഞ്ചുപേരും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരേ രാഷ്ട്രീയ അക്രമക്കേസുകളുണ്ടെന്നും പോലിസ് അറിയിച്ചു. ഡിവൈഎസ്പ സജേഷ് വാഴവളപ്പിലിന്റെ നിര്‍ദേശപ്രകാരം സിഐ പി കുട്ടികൃഷ്ണന്‍, എസ്‌ഐ ദിനേശന്‍ കെതേരി, എസ്‌ഐ മാത്യു ജോസഫ്, എസ്പി സ്‌ക്വാഡംഗങ്ങളായ റാഫി അഹമ്മദ്, കെ പി സുജിത്ത്, എഎസ്‌ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.








Next Story

RELATED STORIES

Share it