Latest News

കാലഫോര്‍ണിയയില്‍ കുടിയേറ്റ നിയമലംഘനം: ട്രക്ക് ഡ്രൈവര്‍മാരായ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 49 പേര്‍ അറസ്റ്റില്‍

കാലഫോര്‍ണിയയില്‍ കുടിയേറ്റ നിയമലംഘനം: ട്രക്ക് ഡ്രൈവര്‍മാരായ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 49 പേര്‍ അറസ്റ്റില്‍
X

കാലഫോര്‍ണിയ: കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ട്രക്ക് ഡ്രൈവര്‍മാരായ 30 ഇന്ത്യക്കാരെ ഉള്‍പ്പെടെ 49 അനധികൃത കുടിയേറ്റക്കാരെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോ സെക്ടറിലെ ബോര്‍ഡര്‍ പട്രോള്‍ സംഘമാണ് 'ഓപ്പറേഷന്‍ ഹൈവേ സെന്റിനല്‍' എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അറസ്റ്റ് നടത്തിയത്. അംഗീകൃത വാണിജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ ഉപയോഗിച്ച് സെമിട്രക്കുകള്‍ ഓടിച്ചിരുന്നവരാണ് അറസ്റ്റിലായവരെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരായ കേസുകള്‍ നിലവിലുണ്ടായിരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതെന്നും സിബിപി വ്യക്തമാക്കി.

അറസ്റ്റിലായ 49 പേരില്‍ 30 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതുകൂടാതെ എല്‍ സാല്‍വഡോറില്‍ നിന്നുള്ള രണ്ടു പേരും ചൈന, എറിത്രിയ, ഹെയ്തി, ഹോണ്ടുറാസ്, മെക്‌സിക്കോ, റഷ്യ, സൊമാലിയ, തുര്‍ക്കി, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും അറസ്റ്റിലായി. കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ, മേരിലാന്‍ഡ്, മിനസോട്ട, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗികമായി വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് നേടിയവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു.

കാലഫോര്‍ണിയയിലെ വാണിജ്യ ട്രക്കിംഗ് കമ്പനികളെ ലക്ഷ്യമാക്കി നടത്തിയ പരിശോധനകളുടെ ഭാഗമായാണ് നടപടി. ന്യൂയോര്‍ക്ക്, ഒക്ലഹോമ എന്നിവിടങ്ങളിലും സമാന ഓപ്പറേഷനുകള്‍ നടന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200ലധികം പേരെ അറസ്റ്റ് ചെയ്തതായും, ഇതില്‍ 146 പേര്‍ ട്രക്ക് ഡ്രൈവര്‍മാരാണെന്നും സിബിപി സ്ഥിരീകരിച്ചു. ഇതിനിടെ, കുടിയേറ്റ ട്രക്ക് ഡ്രൈവര്‍മാര്‍ കാലഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായി യുഎസില്‍ തുടരാന്‍ അനുവദിച്ച കാലാവധി കഴിഞ്ഞുവെന്ന കാരണത്തില്‍ കഴിഞ്ഞ മാസം 17,000 ട്രക്ക് ഡ്രൈവര്‍മാരുടെ വാണിജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. ഈ നടപടിക്കെതിരേയാണ് കേസ്.

കുടിയേറ്റക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കാലഫോര്‍ണിയ, പെന്‍സില്‍വാനിയ, മിനസോട്ട, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരിശോധനകളും നടപടികളും ശക്തമാക്കി. സിഖ് സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്ന ദേശീയ സംഘടനയായ സിഖ് സഖ്യവും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഏഷ്യന്‍ ലോ കോക്കസും ചേര്‍ന്നാണ് കേസിന് പിന്തുണ നല്‍കുകയും കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it