Kerala

ലോട്ടറി സമ്മാനത്തുക തട്ടിയെടുത്ത കേസില്‍ കൂട്ടാളിയും പിടിയില്‍

മലപ്പുറം എടക്കര സ്വദേശി സമദി (45) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂരില്‍ ഒരു ഹോട്ടലില്‍ പണിയെടുക്കുന്ന ആസാം സ്വദേശിക്കാണ് ഒന്നാം സമ്മാനം അടിച്ചത്.

ലോട്ടറി സമ്മാനത്തുക തട്ടിയെടുത്ത കേസില്‍ കൂട്ടാളിയും പിടിയില്‍
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയുടെ കൂട്ടാളിയും അറസ്റ്റിലായി. മലപ്പുറം എടക്കര സ്വദേശി സമദി (45) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂരില്‍ ഒരു ഹോട്ടലില്‍ പണിയെടുക്കുന്ന ആസാം സ്വദേശിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഇയാളെ ഏജന്റിന് അറിയാമായിരുന്നു. പൈസ കിട്ടാന്‍ എന്തുചെയ്യണമെന്ന് ഇയാള്‍ ഹോട്ടല്‍ ഉടമയോട് ചോദിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ഉടമയും ആസാം കാരനും കൂടി തൊട്ടടുത്ത ബാങ്കില്‍ പോയി മാനേജരോട് വിവരം തിരക്കി.

സമ്മാനം കിട്ടിയ ലോട്ടറിയും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുണ്ടെങ്കില്‍ സമ്മാനത്തുക ബാങ്കിലൂടെ മാറിയെടുക്കാമെന്ന് മാനേജര്‍ അറിയിച്ചു. എന്നാല്‍, ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ മറ്റ് വഴികള്‍ അന്വേഷിക്കുമ്പോഴാണ് ഹോട്ടലില്‍ അപ്പം വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശി മിഗ്ദാദിനെ പരിചയപ്പെടുന്നത്. സമ്മാനത്തുക മാറിയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആസാംകാരനെയുംകൂട്ടി മിഗ്ദാദ് എറണാകുളം കച്ചേരിപ്പടിയിലെ ബാങ്കിലെത്തി മാനേജരോട് സംസാരിച്ചു. ആസാംകാരനില്‍നിന്ന് ലോട്ടറി വാങ്ങുകയും ചെയ്തു.

എന്നാല്‍, നാട്ടിലേക്ക് പോയ മിഗ്ദാദ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ആസാംകാരന്‍ എറണാകുളം നോര്‍ത്ത് പോലിസില്‍ പരാതി നല്‍കി. മിഗ്ദാദും സുഹൃത്തായ സമദുംകൂടി എടക്കരയിലെ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി ലോട്ടറി ഏല്‍പ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. പോലിസ് അന്വഷിക്കുന്ന വിവരമറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോയി. ഒന്നാംപ്രതി മലപ്പുറം പോത്തുകല്ല് വെളുമ്പിയം പാടം കല്ലുവളപ്പില്‍ വീട്ടില്‍ മിഗ്ദാദ് (39) പിന്നീട് കോടതിയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന സമദ് നാട്ടിലെത്തിയപ്പോള്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it