Kerala

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചു. കിഴക്കേകോട്ടയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ മാര്‍ച്ചിനുനേരെ ആയുര്‍വേദ കോളജിന് സമീപത്തുവച്ച് കല്ലേറുണ്ടായി. ഇവിടെയുള്ള സിഐടിയു ഓഫീസില്‍ നിന്നാണ് കല്ലേറുണ്ടായത്. ഒരു ബിജെപി പ്രവര്‍ത്തകനു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിഐടിയു ഓഫീസ് അടിച്ചുതകര്‍ത്ത സമരാനുകൂലികള്‍ കടകള്‍ക്കു നേരെയും കല്ലേറ് നടത്തി. ഇതിനിടെ രണ്ടു ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റു.

ബിജെപിയേയും അവരുടെ സമരവും ബഹിഷ്‌കരിക്കാനാണ് മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ പോലിസ് വലയത്തിലാണ്. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുടനീളം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. പാലക്കാട്, പന്തളം, പൊന്നാനി, പൊന്‍കുന്നം, കളമശേരി, കണ്ണൂര്‍ മേഖലകളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. നിരവധി കടകളും സ്ഥാപനങ്ങളും തകര്‍ത്തു. കെഎസ്ആര്‍ടിസി ബസുകളടക്കം നിരവധി വാഹനങ്ങളും തകര്‍ത്തു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. യാത്രക്കാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും മിക്കയിടത്തും അക്രമമുണ്ടായി. വഴിയാത്രക്കാരെ പോലും ആക്രമിക്കുകയാണ്.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയാണ്. നിരവധി തീര്‍ഥാടകര്‍ വഴിയില്‍ കുടുങ്ങി. ആംബുലന്‍സുകളും പലയിടത്തും തടഞ്ഞിട്ടു. അക്രമകാരികള്‍ക്കെതിരെ പോലിസ് കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ചിലയിടങ്ങളിലും ലാത്തിച്ചാര്‍ജും നടന്നു. അക്രമത്തിനു നേതൃത്വം നല്‍കിയ നിരവധി സംഘപരിവാര്‍ നേതാക്കള്‍ പിടിയിലായിട്ടുണ്ട്. കളമശേരിയില്‍ 40 പേര്‍ പിടിയിലായി. അതേസമയം, ഹര്‍ത്താല്‍ ദിനത്തിലും ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.



Next Story

RELATED STORIES

Share it