India

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്കും

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം ആറ് ശതമാനമായി കുത്തനെ ഇടിയുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. 7.5 ശതമാനം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നാണ് ഈ തകര്‍ച്ച.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്കും
X

ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ചൂണ്ടിക്കാട്ടി ലോക ബാങ്കും. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം ആറ് ശതമാനമായി കുത്തനെ ഇടിയുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. 7.5 ശതമാനം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നാണ് ഈ തകര്‍ച്ച. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്ന് കാര്യം ജൂലൈയില്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യും മൂന്ന് ദിവസം മുമ്പ് റേറ്റിങ് ഏജന്‍സിയായ മൂഡീസും ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഈ റിപ്പോര്‍ട്ടും വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി ജിഎസ്ടിയും പുറത്തുനിന്നുള്ള ഘടകങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴിലില്ലായമയും ദാരിദ്ര്യവും ഗ്രാമീണ മേഖലയിലെ തകര്‍ച്ചയും സംബന്ധിച്ച വിഷയങ്ങളിലേക്കും റിപോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.

ദക്ഷിണേഷ്യന്‍ ഇക്കോണമിക് ഫോക്കസിലെ പുതിയ എഡിഷനിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്ന കാര്യം ലോകബാങ്ക് വ്യക്തമാക്കിയത്. ഇത് 2021 ല്‍ 6.9 ശതമാനമായും 2021 ല്‍ 7.2 ശതമാനമായും ക്രമാനുഗതമായി വര്‍ധിക്കുമെന്നും വേള്‍ഡ് ബാങ്ക് പ്രതീക്ഷ പ്രകടപ്പിക്കുന്നു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുന്നതെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ലോകബാങ്കും ഐഎംഎഫും തമ്മിലുള്ള വാര്‍ഷിക യോഗത്തിന് തൊട്ടുമുമ്പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഏതാനും പാദങ്ങള്‍ക്കു മുമ്പ് ചൈനയേക്കാള്‍ വേഗത്തിലായിരുന്ന ഇന്ത്യയുടെ വളര്‍ച്ച ഇപ്പോള്‍ ബംഗ്ലാദേശിനേക്കാളും നേപ്പാളിനേക്കാളും പതുക്കെയാവുമെന്നാണ് ലോക ബാങ്ക് കരുതുന്നത്.

ജി എസ് ടി നടപ്പാക്കിയതില്‍ പിഴവുകളുണ്ടാകാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. നടപ്പാക്കി രണ്ടര വര്‍ഷമാകുമ്പോഴും ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സപ്തംബറില്‍ കഴിഞ്ഞ 19 മാസത്തെ ഏറ്റവും കുറഞ്ഞ ജിഎസ്ടിയാണ് പിരിഞ്ഞുകിട്ടിയത്. ഇത് കേന്ദ്രത്തിന്റെ മാത്രമല്ല, സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെയും തകിടം മറിച്ചേക്കും.

Next Story

RELATED STORIES

Share it