India

കൊവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തരസഹായം

ലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തരസഹായം
X

വാഷിങ്ടണ്‍ ഡിസി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതിനായി ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (ഏകദേശം 7,600 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. ലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയ്ക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്. രോഗനിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, രോഗബാധിതരുടെ സമ്പര്‍ക്കം കണ്ടെത്തല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ ഒരുക്കുന്നതിനാണ് സഹായം. ദക്ഷിണേഷ്യയില്‍ ലോകബാങ്ക് പാകിസ്താന് 200 മില്യന്‍ ഡോളറും അഫ്ഗാനിസ്ഥാന് 100 മില്യന്‍ ഡോളറും മാലദ്വീപ് 7.3 മില്യന്‍ ഡോളറും ശ്രീലങ്കയ്ക്ക് 128.6 മില്യന്‍ ഡോളറും സഹായം അനുവദിച്ചു. അടുത്ത 15 മാസത്തിനുള്ളില്‍ 160 ബില്യന്‍ ഡോളര്‍വരെ സഹായം അനുവദിക്കാന്‍ ശ്രമിക്കുന്നതായും ലോകബാങ്ക് വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാനാണ് ലോകബാങ്ക് അടുത്തഘട്ടത്തില്‍ സഹായിക്കുക. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ദരിദ്രരെയും ദുര്‍ബലരെയും സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വികസ്വരരാജ്യങ്ങളില്‍ കൊവിഡിനെ നേരിടാനും സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുമാണ് സഹായം നല്‍കുന്നതെന്നും മറ്റ് ഏജന്‍സികളോട് സഹായം നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it